ഇന്ന് അഷ്ടമി രോഹിണി.. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്ക്..
അഷ്ടമി രോഹിണി ദിനമായ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്ക്. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഇന്ന് പ്രത്യേക പ്രസാദ ഊട്ടും നടക്കും. 40,000 ആളുകള്‍ക്കുള്ള സദ്യയാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
ക്ഷേത്രത്തിലെ നാല് മണ്ഡപങ്ങളിലായി ഇരുന്നൂറിലേറെ കല്യാണങ്ങളും ഇന്ന് ഗുരുവായൂരില്‍ നടക്കും. രാവിലെ നാല് മണി മുതല്‍ വിവാഹങ്ങള്‍ നടക്കുകയാണ്. അഷ്ടമി രോഹിണിയുടെ ഭാഗമായി വൈകുന്നേരം മന്ത്രി വിഎന്‍ വാസവന്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സാംസ്‌കാരിക സദസും നടക്കും. ക്ഷേത്രകലാ പുരസ്‌കാരമടക്കം വിതരണം ചെയ്യുക ഈ പരിപാടിയിലായിരിക്കും.
ക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്ത് ഇന്ന് ക്ഷേത്ര പരിസരത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വിഐപി, സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ ഒന്നും തന്നെ അനുവദിക്കില്ലെന്നും നേരത്തെ അറിയിച്ചിരുന്നു. ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ശോഭായാത്രകളും മറ്റ് ശ്രീകൃഷ്ണ ജയന്തി പരിപാടികളും കണക്കിലെടുത്ത് സംസ്ഥാനത്തൊട്ടാകെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിനായി ദര്‍ശനത്തിന് പ്രത്യേക ക്യൂ ഒരുക്കിയിട്ടുണ്ട്.