‘അഷ്‌റഫ് പാക് മുദ്രാവാക്യം വിളിച്ചിട്ടില്ല, പ്രതികൾ കഥയുണ്ടാക്കിയതാകാം….സാമൂഹ്യപ്രവർത്തകൻ
മംഗളൂരുവിലെ കുടുപ്പുവില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്ന അഷ്റഫ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പ്രദേശവാസിയായ സാമൂഹിക പ്രവര്‍ത്തകന്‍ സജിത്ത് ഷെട്ടി. അടിച്ച് കൊന്നതിന് ശേഷം രക്ഷപ്പെടാൻ പ്രതികൾ ഇത്തരം ഒരു കഥയുണ്ടാക്കിയതാവാനാണ് സാധ്യതയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കര്‍ണാടക ആഭ്യന്തര മന്ത്രി കാര്യങ്ങള്‍ അന്വേഷിച്ച് അറിയാതെ, പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്നും സജിത്ത് പറഞ്ഞു.
“അവിടെ ക്രിക്കറ്റ് മാച്ച് നടക്കുന്നുണ്ടായിരുന്നു. എന്തോ കശപിശയായി. ഒരാൾ പോയി അടിച്ചു. പിന്നെയത് കൂട്ടയടിയായി. ബാക്കിയുള്ള നല്ല ചെറുപ്പക്കാർ അടിക്കേണ്ടെന്ന് പറഞ്ഞു. പക്ഷേ ബാക്കിയുള്ളവർ കേട്ടില്ല. കൂട്ടമായി അടിച്ചു. പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്”- സജിത്ത് ഷെട്ടി പറഞ്ഞു.