ആശയ്ക്ക് വകയുണ്ടാകുമോ?..ആരോഗ്യമന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചു..
ആശ വര്‍ക്കേഴ്‌സിന്റെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഡല്‍ഹിയിലേക്ക്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ആശമാരുടെ സമരവും ആവശ്യങ്ങളും ഉന്നയിക്കും. കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആശാ വര്‍ക്കേഴ്‌സിന്റെ ഇന്‍സെന്റീവ് വര്‍ധന സമയബന്ധിതമായി പരിഗണിക്കുമെന്ന് പാര്‍ലമെന്റില്‍ ജെപി നഡ്ഡ വ്യക്തമാക്കിയിരുന്നു. കേരളത്തിന് കുടിശ്ശികയായി ഒന്നും തന്നെ നല്‍കാനില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ പശ്ചാത്തലത്തില്‍ ചര്‍ച്ചയിലൂടെ ഉരുത്തിരിയുന്ന പരിഹാരം എന്തായിരിക്കുമെന്നത് ഏറെ നിര്‍ണായകമാണ്.

അതേസമയം,ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിരാഹാര സമരം ചെയ്യുമെന്ന നിലപാടില്‍ ഉറച്ച് ആശാ വര്‍ക്കേഴ്‌സ്. ഇന്ന് മുതലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ നിരാഹാര സമരം ആരംഭിക്കുന്നത്. മൂന്ന് പേരാണ് നിരാഹാരം ഇരിക്കുക. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ആശാ വര്‍ക്കേഴ്‌സ്.



