അനിശ്ചിതകാല രാപ്പകൽ സമരവുമായി ആശ വർക്കേഴ്സ്… ആശമാരുടെ നിരാശ കാണാൻ അധികാരികൾ കണ്ണ് തുറക്കുക….
തിരുവനന്തപുരം- അവകാശങ്ങൾ നേടിയെടുക്കാൻ സമരത്തിന് ഇറങ്ങിയിരിക്കുകയാണ് ആശ പ്രവർത്തകർ. തിരുവനന്തപും ഡി.എച്ച്.എസിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം ഇന്ന് തുടങ്ങി. നാട്ടുകാരുടെ ആരോഗ്യം കാക്കാനിറങ്ങി, ജോലിഭാരം കാരണം സ്വന്തം ആരോഗ്യം അപകടത്തിലാവുന്ന അവസ്ഥയിലായതോടെയാണ് ആശ വർക്കേഴ്സ് ഫെഡറേഷൻ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരിക്കുന്നത്.
ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം രണ്ടോ മൂന്നോ മണിക്കൂർ സേവനം ചെയ്താൽ മതിയെന്ന് പറഞ്ഞാണ് ആശമാരെ ജോലിക്കെടുത്തത്. അതിനായി നിശ്ചിത ഇൻസെൻ്റീവ് നൽകുമെന്നായിരുന്നു ധാരണ. എന്നാൽ ഇന്ന് സമൂഹത്തിൻ്റെ അടിത്തട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും ജനനം മുതൽ മരണം വരെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഒരു ദിവസം ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും ആശമാർക്ക് പ്രവർത്തിക്കേണ്ടി വരുന്നുണ്ട്. ഒരുമാസം ചെയ്യേണ്ട 23 പ്രവർത്തികൾക്ക് പുറമേയാണ് ശൈലി സർവ്വേ ഇവരുടെ ജോലിയിൽ ഉൾപ്പെടുത്തിയത്.
സ്വന്തം ഫോണിൽ ജീവിതശൈലി രോഗങ്ങളെപ്പറ്റിയും, ക്ഷയം,കുഷ്ഠം കാഴ്ച, കേൾവി, മാനസികം, ക്യാൻസർ എന്നീ രോഗങ്ങളുടെ ലക്ഷണങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 62ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരാൾക്ക് 20 മിനിറ്റ് എങ്കിലും ചെലവഴിക്കേണ്ടി വരുന്ന തരത്തിലുള്ള ഒരു സർവ്വേയാണ് എടുക്കേണ്ടത്. ഈ സർവേയ്ക്ക് വേതനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനതലത്തിൽ സെക്രട്ടറിയേറ്റിനു മുൻപിൽ സമരം നടത്തിയതിൻ്റെ ഭാഗമായി എൻ.എച്ച്.എം ഡയറക്ടറുടെ നേതൃത്വത്തിൽ സംഘടനാ നേതൃത്വവുമായി ചർച്ച നടത്തി 2000 രൂപ മാസം നൽകുമെന്ന് തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
ഇപ്പോൾ വീണ്ടും കുഷ്ഠരോഗ സർവ്വേ നടത്താൻ ആശ ഒരു പുരുഷ വളണ്ടിയറേയും കൂട്ടി ഓരോ വീട്ടിലും പോയി ഓരോ മനുഷ്യൻ്റെയും ശരീരം പരിശോധിച്ച്, വീട് മാർക്ക് ചെയ്ത് ലക്ഷണങ്ങൾ രേഖപ്പെടുത്തി നൽകണം എന്ന അറിയിപ്പ് വന്നിട്ടുണ്ട്. കൂടാതെ ടി ബി മുക്ത കേരളം എന്ന പ്രഖ്യാപനത്തിനു മുന്നോടിയായി 100 ദിവസം തൻ്റെ ഏരിയയിലെ ഓരോ വിടും കയറി ടിബിയുടെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചു രേഖാമൂലം എഴുതി കൊടുക്കണം എന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഈ ശൈലി സർവ്വെ ഏറ്റെടുക്കാൻ തയ്യാറാകാത്ത ആശമാരെ മാനസികമായി സമ്മർദ്ദത്തിൽ ആക്കുന്നതായും പരാതിയുണ്ട്.
ശൈലി സർവ്വേയിൽ ഒടിപി സംവിധാനം എടുത്ത് മാറ്റുക ശൈലിക്ക് തീരുമാനിച്ച വേതനം അനുവദിക്കുക, ശൈലിയിൽ ഉൾപ്പെട്ട ലപ്രസി സർവ്വേ വീണ്ടും ചെയ്യിക്കുന്നത് അവസാനിപ്പിക്കുക, ആശമാരുടെ പ്രവർത്തികളെ സംബന്ധിച്ച് സർക്കുലർ ഇറക്കുക, ഉദ്യോഗസ്ഥർക്ക് തോന്നുപോലെ ജില്ലാതലത്തിൽ സർവേകളും സർക്കുലറുകളും ഇറക്കുന്നത് അവസാനിപ്പിക്കുക, ഓണറേറിയം 15,000 രൂപയാക്കുക ഓണറേറിയത്തിന് വെച്ച ഉപാധി പിൻവലിക്കുക, മാസാമാസം വേതനം നൽകുക, പെൻഷൻ പ്രായം 65 വയസാക്കുക, പ്രതിമാസം 5000 രൂപ പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡി.എച്ച്.എസിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്നത്. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് എം.ബി.പ്രഭാവതി, സെക്രട്ടറി പി.പി.പ്രേമ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.