സെക്രട്ടേറിയറ്റ് വളഞ്ഞ് ആശ വർക്കർമാർ.. കനത്ത സുരക്ഷ..
രാപകൽ സമരത്തിന്റെ തുടർച്ചയായി ആശ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവർത്തകർ ഉപരോധിച്ചിരിക്കുകയാണ്. ഗേറ്റുകളെല്ലാം അടച്ചുപൂട്ടിയ പോലീസ്, കനത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റിന് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്നത്. സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും ഉപരോധത്തിൽ പങ്കെടുക്കുന്നുണ്ട്. രാപകൽ സമരത്തിന്റെ 36-ാം ദിവസത്തിലാണ് പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ സെക്രട്ടേറിയറ്റ് ഉപരോധത്തിലേക്ക് ആശ വർക്കർമാർ കടന്നത്. രാവിലെ ഒൻപതു മുതൽ വൈകീട്ടുവരെയാണ് സമരം.

അതേസമയം, ആരോഗ്യവകുപ്പ് ആശമാർക്കായി സംഘടിപ്പിക്കുന്ന പാലിയേറ്റീവ് കെയർ പരിശീലന പരിപാടിയും തിങ്കളാഴ്ച തന്നെയാണ് നടക്കുന്നത്. എന്നാൽ ഇത് ബഹിഷ്കരിക്കുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേരത്തേ തന്നെ അറിയിച്ചിരുന്നു.ആശമാർക്ക് തിങ്കളാഴ്ച പരിശീലന പരിപാടി നടത്തുമെന്ന നോട്ടീസ് ശനിയാഴ്ച ഉച്ചയോടെയാണ് ആരോഗ്യവകുപ്പ് അയച്ചത്. എല്ലാ ആശപ്രവർത്തകരെയും പരിശീലനത്തിൽ പങ്കെടുപ്പിക്കണമെന്നും പങ്കെടുത്തവരുടെ ഡേറ്റാ ബേസ് തയ്യാറാക്കണമെന്നും ഹാജർനില പരിശോധിക്കണമെന്നുമാണ് നിർദേശം.



