പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് ആശാവർക്കർക്ക് പൊള്ളലേറ്റ സംഭവം; അയൽവാസിയായ പൊലീസുകാരൻറെ ഭാര്യയ്ക്കെതിരെ കേസ്
പത്തനംതിട്ട കീഴ്വായ്പൂരിൽ 61 കാരിയുടെ വീടിന് തീപിടിക്കുകയും പൊള്ളൽ ഏൽക്കുകയും ചെയ്ത സംഭവത്തിൽ സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരൻറെ ഭാര്യക്കെതിരെ കേസെടുത്തു. ആശാവർക്കറായ ലതയുടെ വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്. ഇവരുടെ വീടിനോട് ചേർന്നുള്ള പൊലീസ് കോട്ടേഴ്സിൽ താമസിക്കുന്ന സുമയ്യ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങൾ ചോദിച്ചതിൽ നൽകാത്തതിലൂള്ള വിരോധത്തിൽ തീ കൊളുത്തിയതാണെന്നാണ് മൊഴി. കെട്ടിയിട്ടശേഷം ആഭരണങ്ങൾ കൈക്കലാക്കിയെന്നും ലത പറയുന്നു. എന്നാൽ, സംഭവത്തിൽ ദുരൂഹത ഏറെയുണ്ട് എന്നാണ് പൊലീസ് പറയുന്നത്. വിശദമായ പരിശോധനയ്ക്കായി സുമയ്യ താമസിക്കുന്ന പൊലീസ് കോട്ടേഴ്സും ലതയുടെ വീടും സീൽ ചെയ്തിട്ടുണ്ട്. ഫോറൻസിക് പരിശോധന നടത്തിയശേഷം കേസിൽ വ്യക്തത വരുമെന്നും പൊലീസ് അറിയിച്ചു.