ആദ്യ ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ജോലി ലഭിച്ചു.. പൈലറ്റ് പ്രോജക്ടിനോട് സർക്കാർ മുഖം തിരിക്കുന്നതായി പരാതി..
കോഴ്സ് കഴിഞ്ഞ മുഴുവൻ പേർക്കും ജോലി ലഭിച്ചിട്ടും പൂർണ്ണമായും വിജയമായി മാറിയ പദ്ധതിയോട് സർക്കാർ മുഖം തിരിക്കുന്നതായി പരാതി. ഡിപ്ലോമ ഇന്‍ വൊക്കേഷന്‍ (ഡി.വോക്) കോഴ്സിന്റെ ആദ്യ ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമാണ് പ്ലേസ്‌മെന്റ് ആയത്. എന്നിട്ടും സർക്കാർ പിന്തുണയില്ലാത്തതിനാൽ പുതിയ ബാച്ചുകള്‍ ആരംഭിക്കാനാവുന്നില്ലെന്നാണ് അസാപ്പ് കേരളയുടെ പരാതി.
പൈലറ്റ് പ്രോജക്ടാക്കി നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്. നിലവിലുള്ള കോളേജുകളുടെ സൗകര്യങ്ങള്‍ തന്നെ പ്രയോജനപ്പെടുത്തി നടത്താനാവുന്ന ഈ കോഴ്സിന് അനന്ത സാധ്യതയാണുള്ളത്. നൈപുണ്യാധിഷ്ഠിതവും വ്യവസായത്തിന് അനുയോജ്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന പദ്ധതി തുടര്‍ന്നാല്‍ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റമുണ്ടാവുമെന്നുറപ്പാണ്.
ഡിപ്ലോമ കോഴ്സുകള്‍ക്ക് സമാന്തരമായി നടപ്പാക്കുന്ന ഡി. വോക്ക്, റെഗുലര്‍ കോഴ്സിനു വെല്ലുവിളിയാവുമോ എന്ന ആശങ്കയിലാണ് പദ്ധതിക്ക് തുരങ്കം വെക്കുന്നതെന്നാണ് വിവരം. 2021ലാണ് സാങ്കേതിക വിദ്യഭ്യാസ വകുപ്പും കോളേജുകളുമായി കോഴ്സ് നടത്തിപ്പിന് ധാരണാപത്രമുണ്ടാക്കിയത്. എന്നാല്‍ കോഴ്സ് നടത്തിപ്പിന് സാങ്കേതിക വിദ്യഭ്യാസ വകുപ്പ് മതിയായ പിന്തുണ നല്‍കാത്തത് പല ഘട്ടങ്ങളിലും തിരിച്ചടിയായി. സ്വതന്ത്രമായ ക്ലാസ് മുറികള്‍ അനുവദിക്കാത്തതിനാല്‍ കോളേജുകളുടെ സൗകര്യമനുസരിച്ച് പല ക്ലാസ് മുറികളിലായാണ് പഠനം പൂര്‍ത്തീകരിക്കാനായത്. ലാബ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിനും പരിമിതികളുണ്ടായിരുന്നു.
ഉജ്ജ്വലം ഈ വിജയം
ആദ്യ ഘട്ടമെന്നോണം ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലും ആറ്റിങ്ങല്‍ ഗവ. പോളിടെക്നിക് കോളേജിലുമാണ് 2021ല്‍ ആദ്യമായി പദ്ധതിയാരംഭിച്ചത്. ഐപിടിയില്‍ ഡിപ്ലോമ ഇന്‍ പ്രിന്റിംഗ് ടെക്നോളജി കോഴ്സായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ പഠിതാക്കളായി ഉണ്ടായിരുന്ന 25 പേര്‍ക്കും ജോലിയായി. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ ഓട്ടോമോട്ടീവ് സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ 29 വിദ്യാര്‍ഥികള്‍ക്കും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സിലെ 20 വിദ്യാര്‍ഥികള്‍ക്കും നൂറുശതമാനം പ്ലേസ്‌മെന്റ് നേടാനായി. ഹോസ്പിറ്റാലിറ്റി വിദ്യാര്‍ഥികള്‍ക്ക് പ്രമുഖ റിസോര്‍ട്ടുകളായ ട്രാവന്‍കൂര്‍ ഹെറിറ്റേജ്, പൂവാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പരിശീലനം നല്‍കിയത്.
എന്താണ് കോഴ്സ്
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്നിക് കോളേജുകളിലാണ് ഈ മൂന്ന് വര്‍ഷത്തെ ക്രെഡിറ്റ് അധിഷ്ഠിത കോഴ്സ് നടത്തുന്നത്. നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്കിന് (എന്‍എസ്‌ക്യുഎഫ്) അനുസരിച്ചാണ് കോഴ്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ ഡിപ്ലോമകളില്‍ നിന്ന് വ്യത്യസ്തമായി, ഡി.വോക് വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (എന്‍സിവിഇടി) നല്‍കുന്ന എന്‍ക്യുഎസ്എഫ് ലെവല്‍ 3, 4, 5 സര്‍ട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നുണ്ട്. അതോടെ ലാറ്റല്‍ എന്‍ട്രിയായി ബി.ടെക്കിന് ചേരാനാവും. ഓരോ സെമസ്റ്ററിലും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിതമായി ഓണ്‍-ദി-ജോബ് ട്രെയിനിംഗ് (ഒജെടി) ലഭിക്കുന്നു. ഇത് അവര്‍ക്ക് തൊഴിലിടങ്ങളില്‍ നേരിട്ടുള്ള പരിചയം നല്‍കുന്നു. വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റിനായുള്ള പരിശീലനം, മോക്ക് ഇന്റര്‍വ്യൂ, ആശയവിനിമയ ക്ലാസുകള്‍ എന്നിവയും അസാപ് കേരള തന്നെ നല്‍കും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണമേല്‍ക്കണം
നൈപുണ്യാധിഷ്ഠിതവും വ്യവസായത്തിന് അനുയോജ്യവുമായ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അസാപ് കേരള ഈ കമ്മ്യൂണിറ്റി കോളേജ് മോഡല്‍ നടപ്പാക്കിയത്. സാധാരണ ഡിപ്ലോമ കോഴ്‌സുകളില്‍ നിന്ന് വ്യത്യസ്തമായി, ഡി.വോക് വിദ്യാര്‍ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും നിര്‍ബന്ധിത ഓണ്‍-ദി-ജോബ് ട്രെയിനിംങ് നല്‍കുന്നുണ്ട്. ഇതേ മാതൃകയില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ കോളേജുകളില്‍ കാലോചിതമായ പുതിയ കോഴ്സുകള്‍ ആരംഭിക്കാനാവും. അതിന് സാങ്കേതിക വകുപ്പ് കോഴ്സ് നടത്തിപ്പിന്റെ നിയന്ത്രണമേല്‍ക്കേണ്ടി വരുമെന്ന് മാത്രം.