ആര്യനാട് പഞ്ചായത്ത് മെമ്പർ ശ്രീജയെ സിപിഎം അപമാനിച്ചു കൊന്നതാണ്..കൊലയാളികളെ അറസ്റ്റ് ചെയ്യണം…അടൂർ പ്രകാശ്
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പറും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന ശ്രീജയുടെ ദാരുണമായ മരണത്തിന് സിപിഎം നേരിട്ട് ഉത്തരവാദികളാമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് ജനങ്ങളുടെ വിശ്വാസം നേടി മുന്നേറിയ ജനപ്രതിനിധിയെ ഇല്ലാതാക്കാനായിരുന്നു സിപിഎം പദ്ധതി . കള്ളപ്രചരണവും അപവാദ പ്രചരണവും നടത്തി അവരെ തേജോവധം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തി പ്രചരണങ്ങൾ, തുടർന്ന് ആര്യനാട് ജംഗ്ഷനിൽ സിപിഎം പൊതുയോഗ വേദിയിൽ നടത്തിയ ഹീനമായ വ്യക്തിവധ പ്രസംഗങ്ങൾ – ഇതെല്ലാം ചേർന്നാണ് ശ്രീജയുടെ ജീവൻ നഷ്ടപ്പെട്ടത്. സ്ത്രീ സംരക്ഷകരെന്ന് കപടമായി അവകാശപ്പെടുന്ന സിപിഎം നേതാക്കളാണ്, ഒരു സ്ത്രീ ജനപ്രതിനിധിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നത് കേരളം മുഴുവൻ തിരിച്ചറിയണം.