ആര്യാ രാജേന്ദ്രന്‍, വികെ പ്രശാന്ത്, ജി സ്റ്റീഫന്‍.. സിപിഐഎം ജില്ലാ കമ്മിറ്റിയിലേക്ക്…

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലേക്ക് യുവനേതാക്കളെത്തിയേക്കും. ജില്ലാ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ യുവപ്രാതിനിധ്യം വര്‍ധിക്കാനുള്ള സാധ്യതയേറെയാണ്. നിലവിലെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് വി ജയപ്രകാശും സംസ്ഥാന സെക്രട്ടറിയേറ്റംഗമായ ആനാവൂര്‍ നാഗപ്പനും ഒഴിയാന്‍ സാധ്യതയേറെയാണ്. ഇവര്‍ക്ക് പകരമായി എംഎല്‍എമാരായ വി കെ പ്രശാന്തിനെയും ജി സ്റ്റീഫനെയും പരിഗണിച്ചേക്കും. അതോടൊപ്പം തന്നെ മേയര്‍ ആര്യ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയില്‍ ഇടംനേടിയേക്കും.

ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെയും സജീവമല്ലാത്തവരെയും ഒഴിവാക്കുന്നതോടെ കൂടുതല്‍ യുവനേതാക്കള്‍ കമ്മിറ്റിയില്‍ ഇടംനേടും. അതോടൊപ്പം തന്നെ ആരോപണവിധേയരായ ചില നേതാക്കളെയും ഒഴിവാക്കാനുള്ള സാധ്യതയേറെയാണ്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വി അനൂപ്, ട്രഷറര്‍ ശ്യാമ, നിലവില്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പാളയത്ത് നിന്നുള്ള പ്രസന്നകുമാര്‍, വിതുരയില്‍ നിന്നുള്ള ഷൗക്കത്തലി തുടങ്ങിയവരാണ് ജില്ലാ കമ്മിറ്റിയില്‍ ഇടംനേടാന്‍ സാധ്യതയുള്ള മറ്റ് നേതാക്കള്‍. കഴിഞ്ഞ സമ്മേളനത്തില്‍ മൂന്ന് വനിതകളടക്കം ഒന്‍പത് അംഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

Related Articles

Back to top button