ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ…

എറണാകുളം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോപണ വിധേയനായ നിലവിലെ അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നുവെന്നും വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തുവെന്നും പ്രതാപചന്ദ്രൻ പറഞ്ഞു. കൈക്കുഞ്ഞുങ്ങളെ യുവതി താഴെ എറിയാൻ ശ്രമിച്ചുവെന്നും സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം തുടര്‍ന്നതോടെയാണ് ആ സാഹചര്യത്തിൽ പെട്ടെന്ന് പ്രതിരോധിക്കാനായി അത്തരത്തിൽ പ്രതികരിച്ചതെന്നും പ്രതാപചന്ദ്രൻ പറഞ്ഞു. അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നാണ് പൊലീസ് പറയുന്നത്.
നിലവിൽ അരൂര്‍ എസ്എച്ച്ഒ ആയ പ്രതാപചന്ദ്രൻ 2024ൽ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗര്‍ഭിണിയായ സ്ത്രീയെ മുഖത്തടിച്ചക്കുകയും നെഞ്ചിൽ പിടിച്ചു തള്ളുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സ്റ്റേഷനിലെത്തിയ എൻജെ ഷൈമോളാണ് മർദ്ദനത്തിനിരയായത്. ഷൈമോളുടെ മുഖത്തടിക്കുന്നതും നെഞ്ചിൽ പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ക്രൂരമര്‍ദനത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2024ൽ തന്ന പൊലീസ് മര്‍ദ്ദനത്തെക്കുറിച്ച് ഷൈമോള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തെളിവായി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇതിനായി കോടതിയെ സമീപിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ഇപ്പോഴാണ് കോടതിയിൽ നിന്ന് ഷൈമോള്‍ക്ക് ദൃശ്യങ്ങള്‍ ലഭിച്ചത്. ഷൈമോളെ മര്‍ദ്ദിച്ച എസ്എച്ച്ഒയെ മറ്റു പൊലീസുകാര്‍ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.



