`കാതിലിപ്പോഴും പാറകൾ കൂട്ടിയുരസുന്ന ശബ്ദമുണ്ട്’.. ആരും മറന്നുകാണില്ല ചെളിയിൽ പുരണ്ട് കിടന്നിരുന്ന ആ മനുഷ്യനെ..

വയനാട് മുണ്ടക്കൈ- ചൂരല്‍മലയിലെ ജനങ്ങൾക്കുമേൽ ഉരുളൊഴുകി എത്തിയിട്ട് ഒരാണ്ട് പിന്നിടുമ്പോഴും അന്നത്തെ കാഴ്ചകൾ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുകയാണ്. ആ ഓർമകളിൽ ഇന്നും തങ്ങിനിൽക്കുന്ന ഒരു മുഖമാണ് അരുണിന്റേത്. നിരവധി ആളുകളുടെ മൃതദേഹം കണ്ടെടുക്കുമ്പോഴും ചെളിയിൽ പുതഞ്ഞ് കിടന്നിരുന്ന ഒരു മനുഷ്യനെ രക്ഷിക്കാനായെന്ന വിവരം ആശ്വാസ വാർത്തയായിരുന്നു. മരിക്കുമെന്ന് ഉറച്ചപ്പോഴും ജീവിതത്തിലേക്ക് അന്ന് ഒരു പറ്റം ആളുകൾ കൈപിടിച്ചുയർത്തിയതിന്റെ ഓർമകൾ പറയുകയാണ് അരുൺ…

`എനിക്ക് ഇന്നും വിശ്വസിക്കാനാകുന്നില്ല. അന്ന് ഉരുൾപൊട്ടുന്നതിന് തലേ ദിവസം വീടിനടുത്തായി ചെറിയ രീതിയിൽ ചെളിയും മണ്ണൊലിപ്പുമൊക്കെ ഉണ്ടായിരുന്നു. അന്ന് രാത്രി ഉറങ്ങുമ്പോൾ തന്നെ ഒരു മൂന്ന് മണിയോളം അടുത്തിരുന്നു. ഇതിന്റെ ക്ഷീണം പിറ്റേന്ന് ഉറങ്ങിത്തീർക്കുകയായിരുന്നു. അപ്പോഴാണ് ഉറക്കത്തിനിടെ പെട്ടെന്ന് ഒരു ശബ്ദം കേൾക്കുന്നത്. അമ്മ വന്ന് വിളിച്ചു. അപ്പോൾ പെട്ടെന്ന് മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു. എന്നാൽ, അതിനുള്ള സമയം എനിക്ക് ലഭിച്ചില്ല. അപ്പോഴേക്ക് മണ്ണ് കലർന്ന വെള്ളം വീടിനുള്ളിലേക്ക് അടിച്ചുകയറി. എന്റെ അരയോളം വെള്ളം ആയിരുന്നു. കാല് എന്തിലോ കുടുങ്ങിപ്പോയി. അമ്മയും മറ്റൊരു പയ്യനും ചേർന്ന് എന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ കഴിയാതെ വന്നപ്പോൾ അമ്മ എന്റെ കൂട്ടുകാരെ സഹായത്തിന് വിളിക്കാനായി മുകളിലേക്ക് പോയി. അപ്പോൾ അമ്മയെ എല്ലാവരും ചേർന്ന് അവിടെ പിടിച്ചുനിർത്തി. അപ്പോഴാണ് രണ്ടെമത്തെ ഉരുൾപൊട്ടൽ ഉണ്ടായത്. കണ്ണടച്ച് തുറക്കുമ്പോഴേക്കും എന്നെ ഒലിച്ചെടുത്ത് കൊണ്ടുപോയി. ഞാൻ കരുതി എന്റെ ശരീരം രണ്ടായി പിളർന്നുപോയെന്ന്, മരിച്ചെന്ന് തന്നെ കരുതി.

കല്ലും മണ്ണും കലർന്ന വെള്ളത്തിൽ ഞാൻ പൂർണമായും പെട്ടുപോയി. ഞാനും വെള്ളത്തോടൊപ്പം കറങ്ങുകയായിരുന്നു. ഒഴുകിവന്ന കല്ലുകളിൽ തല ഇടിച്ചു. അപ്പോൾ ബോധം പോയി. പിന്നീട് ബോധം വരുമ്പോൾ ചെളിയിൽ പുരണ്ട് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. എങ്കിലും ധൈര്യം സംഭരിച്ച് മുന്നോട്ട് ഇഴഞ്ഞ് കുറച്ചുകൂടി മുന്നോട്ട് വന്നു. ശരീരമാസകലം മുറിഞ്ഞു. പക്ഷേ ആകെ ഒരു മരവിപ്പായിരുന്നതിനാൽ വേദന അറിഞ്ഞില്ല. ദാഹിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഞാൻ ഒഴുകിയെത്തിയ ഇടത്ത് ചെറിയ ഒരു കുഴിയുണ്ടാക്കി ആ വെള്ളം കുടിച്ചു. നേരം വെളുത്തപ്പോഴാണ് ആൾക്കാർ എന്നെ കണ്ടതും രക്ഷപ്പെടുത്തിയതും. അപ്പോഴാണ് ഞാൻ കുടിച്ച വെള്ളത്തിന്റെ നിറം പോലും ഞാൻ കണ്ടത്.

അന്ന് എന്നെ രക്ഷപ്പെടുത്തിയ ഓരോരുത്തരോടും ഞാനെന്നും കടപ്പെട്ടിരിക്കും. മരിച്ചെന്ന് കരുതിയ ഇടത്തുനിന്നാണ് അവരെന്നെ കൈപിടിച്ചുയർത്തിയത്’- ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസത്തെ ഓർത്തെടുത്ത് അരുൺ പറഞ്ഞു.

Related Articles

Back to top button