തമിഴ്‌നാട്ടില്‍ നിന്ന് മുട്ട എടുത്ത ശേഷം തിരികെ വരുമ്പോള്‍ ദുരന്തം.. പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി.. അവരുടെ നഷ്ടത്തിന് ഇനി ആരു സമാധാനം പറയും…

അരൂര്‍ – തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ ഗര്‍ഡര്‍ വീണ് അപകടം ഉണ്ടാക്കിയത് അനാസ്ഥ മാത്രം. പിക്കപ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീഴുകയായിരുന്നു. സംഭവത്തില്‍ പിക്കപ് വാനിന്റെ ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്.തമിഴ്‌നാട്ടില്‍ നിന്നും മുട്ട കയറ്റി വരികയായിരുന്ന പിക്കപ് വാന്‍ ആയിരുന്നു അപകടത്തിൽപെട്ടത്.എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. രാജേഷ് പിക്കപ് വാനിന്റെ സ്ഥിരം ഡ്രൈവര്‍ ആയിരുന്നില്ല. സ്ഥിരമായി ഓടിക്കുന്ന ഡ്രൈവര്‍ ഇല്ലാതിരുന്നത് കൊണ്ട് വാഹനം ഓടിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ രാജേഷ് വരികയായിരുന്നു. മരിച്ച രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കരാര്‍ കമ്പനിയുടെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്ന് വാഹനയുടമ പറയുന്നു. സംഭവത്തില്‍ പിഡബ്ലുഡി സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

മുട്ടയുമായി എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് വരുമ്പോഴാണ് ഹരിപ്പാട് പള്ളിപ്പാട് ജിഷ്ണു ഭവനില്‍ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വീണത്. രാത്രി രണ്ടരയോടെ ചന്തിരൂര്‍ ഭാഗത്താണ് അപകടമുണ്ടായത്. 3 ഗര്‍ഡറുകള്‍ ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. ഒരു ഗര്‍ഡര്‍ പൂര്‍ണമായി നിലംപതിച്ചു. ഒരെണ്ണം ചരിഞ്ഞ നിലയിലാണ്. മൂന്നര മണിക്കൂറിനുശേഷമാണ് ഗര്‍ഡര്‍ ഉയര്‍ത്തി വാഹനം പൊളിച്ച് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. 8,000 കിലോയാണ് ഒരു ഗര്‍ഡറിന്റെ ഭാരം. 32 മീറ്റര്‍ നീളമുണ്ട്.

ദുഃഖകരമായ സംഭവമാണെന്ന് അരൂര്‍ എംഎല്‍എ ദലീമ ജോജോ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് സാധാരണ നിര്‍മ്മാണം നടക്കുന്നത്. എന്തോ ഒടിഞ്ഞെന്നാണ് അറിയാന്‍ കഴിയുന്നത്. യാദൃച്ഛികമായി സംഭവിച്ചതാണ്. സുരക്ഷ ഒരുക്കണമെന്ന് കലക്ടറെ നേരത്തെ അറിയിച്ചിരുന്നതായും എംഎല്‍എ പറഞ്ഞു. ഇവിടെ അപകടം സ്ഥിരം സംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം ചൂണ്ടിക്കാണിച്ചാല്‍ പരിഹരിക്കാമെന്ന് അധികൃതര്‍ പറയുന്നതല്ലാതെ നടപടി ഉണ്ടാകില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Related Articles

Back to top button