ബസ് സമയം തെറ്റിച്ചെന്ന് പറഞ്ഞ് തുടങ്ങിയ തർക്കം….ഒടുവിൽ പകവീട്ടാൻ….
സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ബസ് ഡ്രൈവറെ ബസ് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബേപ്പൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇശല്‍ ബസ് ഡ്രൈവര്‍ പയ്യാനക്കല്‍ ജോനകശ്ശേരി മുഹമ്മദ് അനീഷ്(32), കണ്ടക്ടര്‍ മാറാട് സാഗരസരണി വടക്കെപള്ളിക്കര സ്വദേശി മുഹമ്മദ് സര്‍ബാസ്(25) എന്നിവരുടെ അറസ്റ്റാണ് മെഡിക്കല്‍ കോളേജ് എസ്‌ഐ സുനില്‍ രേഖപ്പെടുത്തിയത്.
നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് – പെരുമണ്ണ റൂട്ടില്‍ ഓടുന്ന വെസ്‌റ്റേണ്‍ ബസിലെ ജീവനക്കാരും ഇശല്‍ ബസ് ജീവനക്കാരും തമ്മില്‍ സമയത്തെ ചൊല്ലി നടു റോഡില്‍ വച്ച് തര്‍ക്കമുണ്ടായിരുന്നു. നഗരത്തില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ മെഡിക്കല്‍ കോളേജിന് സമീപത്തുവെച്ച് വെസ്റ്റേണ്‍ ബസ് ഡ്രൈവറുടെ സീറ്റിന് അരികിലേക്ക് ഇശല്‍ ബസ് ഇടിപ്പിച്ചതായാണ് പരാതി. സംഭവത്തെ തുടര്‍ന്ന് വെസ്റ്റേണ്‍ ബസ് ഡ്രൈവര്‍ ഇര്‍ഷാദിന് പരിക്കേറ്റിരുന്നു. ഇര്‍ഷാദ് മെഡിക്കല്‍ കോളേജ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.