പാർക്കിങ്ങിനെ ചൊല്ലി തർക്കം…വർക്ക്ഷോപ്പ് ജീവനക്കാരനെ ഓടയിൽ തള്ളിയിട്ടു..പിന്നാലെ..
തിരുവനന്തപുരം നന്ദിയോട് വർക്ക്ഷോപ്പ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് പമ്പുടമ. വർക്ക് ഷോപ്പ് ജീവനക്കാരനായ പേരയം സ്വദേശി അഖിൽ ജിത്തിനാണ് ഫെബ്രുവരി 25ന് മർദനമേറ്റത്. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
നന്ദിയോട് താന്നിമുക്കിലെ അഖിൽജിത്തിന്റെ വർക്ക്ഷോപ്പിന് എതിർവശമാണ് മിഥുന്റെ പെട്രോൾ പമ്പ്. അഖിൽജിത്തിന്റെ ട്രാവലർ ഈ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം പമ്പിന്റെ സൈഡിൽ പാർക്ക് ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ പമ്പുടമ മിഥുനും അഖിൽജിത്തും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അത് കൈയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. അഖിൽജിത്തിനെ മിഥുൻ ഓടയിൽ തള്ളിയിട്ടു.
പാലോട് പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ കേസെടുത്തില്ലെന്ന് അഖിൽജിത്ത് പറയുന്നു. അതേ സമയം ഇന്ന് കേസ് രജിസ്റ്റർ ചെയ്യുമെന്നും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങുമെന്നും പാലോട് എസ്എച്ച്ഒ പറഞ്ഞു.