അമ്പലത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കം…വീട്ടിലെ പോർച്ചിൽവെച്ചിരുന്ന വാഹനങ്ങൾ കത്തിച്ചു… പ്രതി പിടിയിൽ
വീട്ടിലെ പോർച്ചിൽ വെച്ചിരുന്ന വാഹനങ്ങൾ തീവച്ച് നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ദുർഗ്ഗാനഗർ സ്വദേശി ചൂരപ്പെട്ടി വീട്ടിൽ ഷാംജിത്ത് (29) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. മതിലകം ആല ദുർഗ്ഗാനഗർ സ്വദേശി നാലുമാക്കൽ വീട്ടിൽ അക്ഷയിന്‍റെ വീട്ടിലെ പോർച്ചിൽ വച്ചിരുന്ന ബുള്ളറ്റും, ഇലക്ട്രിക് സ്കൂട്ടറും കഴിഞ്ഞ ദിവസം പുലർച്ചെ തീ വെച്ച് നശിപ്പിച്ച കേസിലാണ് അറസ്റ്റ്.
ആല അമ്പലത്തിലെ ഉത്സവത്തിനിടെ ഷാംജിത്തും ശ്രീക്കുട്ടൻ എന്നയാളും തമ്മിലുണ്ടായ തർക്കത്തിൽ ശ്രീക്കുട്ടന്റെ കൂട്ടുകാരനായ അക്ഷയ് ഇടപെട്ടത് മൂലമുള്ള വൈരാഗ്യത്താലാണ് അക്ഷയുടെ വീടിന്റെ പോർച്ചിലേക്ക് അതിക്രമിച്ച് കയറി 7 ലക്ഷം രൂപയോളം വില വരുന്ന ബുള്ളറ്റും ഇലക്ട്രിക് സ്കൂട്ടറും കത്തിച്ചത്. ഷാംജിത്തിനെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിന് ഒരു കേസുണ്ട്. മതിലകം ഇൻസ്പെക്ടർ എം കെ ഷാജിയുും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.