ഇവരോക്കെ അദ്ധ്യാപകരാണോ… നാണക്കേട് കാരണം ഞാൻ തലകുനിച്ച് നിൽക്കുന്നു… വി ഡി സതീശൻ….

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരണപ്പെട്ട വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തി. നിതിന്റെ മരണത്തിന് പിന്നാലെ അദ്ധ്യാപകരുടെ അധിക്ഷേപത്തിന്‍റെ വാർത്തയടക്കം പുറത്തുവന്ന പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ഇത് കേരളത്തിന് വലിയ നാണക്കേടാണെന്നും നാണക്കേട് കാരണം തലകുനിച്ച് നിൽക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരക്കാർ അദ്ധ്യാപകർ ആണോയെന്നും സതീശൻ ചോദിച്ചു. പൂക്കോട് കോളേജിൽ റാംഗിങ്ങിന് വിധേയമായി മരണപ്പെട്ട സിദ്ധാർഥന്‍റെ വിഷയം ഉണ്ടായപ്പോൾ തന്നെ കർശന നടപടി വേണമായിരുന്നു. അന്ന് കർശന നടപടിയെടുത്തിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. അതിനിടെ സിദ്ധാർഥന്‍റെ അമ്മ, നിതിന്‍റെ അമ്മയെ ആശ്വസിപ്പിക്കാനായി വീട്ടിലെത്തിയത് കണ്ണീർകാഴ്ചയായി.



