ശിവരാത്രിയോടനുബന്ധിച്ചുള്ള മീനൂട്ട് ചടങ്ങിന്റെ നേദ്യം വാങ്ങുന്നതിനായി കടലിൽ ചാടി; ആലപ്പുഴയിൽ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു

ആലപ്പുഴ: ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട നിവേദ്യം വാങ്ങുന്നതിനായി കടലിൽ ചാടിയ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു. ആറാട്ടുപുഴ തറയിൽ കടവ് ആൽത്തറവീട്ടിൽ രവിയുടെ മകൻ രജു ആണ് മരിച്ചത്. 47 വയസായിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടെ തറയിൽ കടവ് മഹാദേവക്ഷേത്രത്തിന് 500 മീറ്റർ പടിഞ്ഞാറ് തീരക്കടലിൽ ആയിരുന്നു സംഭവം. ക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ചുള്ള മീനൂട്ട് ചടങ്ങിന്റെ നേദ്യം വാങ്ങുന്നതിനായി രജു മത്സ്യബന്ധനത്തിന് പോയ കൈലാസം വള്ളം തീരക്കടലിൽ എത്തിയപ്പോൾ കടലിലേക്ക് ചാടുകയായിരുന്നു.
കരയിലേക്ക് നീന്തുന്നതിനിടയിൽ ശക്തമായ തിരയിൽപ്പെട്ട് അദ്ദേഹം മുങ്ങിപ്പോകുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നാട്ടുകാരും സഹമത്സ്യതൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഉടൻ തന്നെ രജുവിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



