ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളജിന്റെ അംഗീകാരം റദ്ദാക്കി…
ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളജിന്റെ അംഗീകാരം ഇന്ത്യൻ ഡെന്റൽ കൗൺസിൽ താൽക്കാലികമായി റദ്ദാക്കി. അടുത്ത വർഷം പ്രവേശനം നടത്തരുതെന്നാണ് ആരോഗ്യ സർവകലാശാലയേയും കോളജിനേയും അറിയിച്ചിരിക്കുന്നത്. സ്വന്തമായി കെട്ടിടം പോലും ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. പ്രവേശനം നേടിയ വിദ്യാർഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാനും നിർദേശിച്ചു.
2015ൽ 50 സീറ്റുകളുമായാണ് ഡെന്റൽ കോളജ് ആരംഭിക്കുന്നത്. നിലവിൽ പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് കോളജ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളജ് വളപ്പിൽ 2018ൽ കെട്ടിട നിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. 2021ൽ നിർമാണം പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ പൂർത്തിയായ നിർമാണത്തിന് ചെലവായ തുകയുടെ പകുതിപോലും നൽകാത്തതിനാലാണ് നിർമാണം നിലച്ചത്. വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടില്ല.2018, 2021 വർഷങ്ങളിലും കോളജിന്റെ അംഗീകാരം ഡെന്റൽ കൗൺസിൽ റദ്ദാക്കിയിരുന്നു. വൈകാതെ കെട്ടിട നിർമാണം പൂർത്തിയാക്കി കോളജഡജിന്റെ പ്രവർത്തനം അവിടേക്ക് മാറ്റും എന്ന ഉറപ്പിലാണ് അംഗീകാരം പുനഃസ്ഥാപിച്ചത്. രക്ഷിതാക്കളും കോളജ് അധികൃതരും ഡെന്റൽ കൗൺസിൽ പ്രതിനിധികളെ നേരിൽ കണ്ട് അംഗീകാരം നിലനിർത്താനുള്ള ശ്രമത്തിലാണ്.