അമ്പലപ്പുഴയിൽ അരാഷ്ട്രീയ സഖ്യം… ജി. സുധാകരനായി കെ.സി വേണുഗോപാലും ചെന്നിത്തലയും ഒന്നിക്കുന്നുവെന്ന് എച്ച്. സലാം

ആലപ്പുഴ: ആലപ്പുഴയിൽ എൽഡിഎഫിനെതിരെ അരാഷ്ട്രീയ സഖ്യം പ്രവർത്തിക്കുന്നുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാം. മുൻ മന്ത്രി ജി. സുധാകരന് വേണ്ടി യുഡിഎഫ് നേതാക്കളായ കെ. സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

ജി. സുധാകരന്റെ വിജയത്തിനായി കോൺഗ്രസ് നേതൃത്വം സജീവമായി രംഗത്തുണ്ട്. ഇതൊരു രാഷ്ട്രീയ സഖ്യമല്ലെന്നും എൽഡിഎഫിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള അരാഷ്ട്രീയ നീക്കമാണെന്നും എച്ച്. സലാം കുറ്റപ്പെടുത്തി. അമ്പലപ്പുഴയിൽ ജി. സുധാകരനും ബിജെപിയും തമ്മിൽ വ്യക്തമായ ധാരണയുണ്ട്. ബിജെപി വോട്ടുകളുടെ എണ്ണമടക്കം സുധാകരൻ പറഞ്ഞത് ഇതിന്റെ തെളിവാണ്. രാഷ്ട്രീയ നെറികേടാണ് സുധാകരൻ കാണിക്കുന്നതെന്നും സലാം ആഞ്ഞടിച്ചു.

അമ്പലപ്പുഴ മണ്ഡലത്തിലേത് കൃത്യമായ രാഷ്ട്രീയ വോട്ടുകളാണ്. സുധാകരന് വ്യക്തിപരമായ വോട്ടുകൾ കാര്യമായി ലഭിക്കില്ല. ഒരു വർഷം മുമ്പ് തന്നെ സ്ഥാനാർത്ഥിയാകാൻ സുധാകരൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. എസ്ഡിപിഐയുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് വ്യക്തമാക്കിയ സലാം, സ്ഥാനാർത്ഥി എന്ന നിലയിൽ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന് പറഞ്ഞു. എസ്ഡിപിഐ ചാപ്പ ജനം തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തിന്റെ ഭാഗമല്ലാത്ത ഒരു കക്ഷിയുമായും രാഷ്ട്രീയ സഖ്യത്തിനില്ലെന്നും, എന്നാൽ എൽഡിഎഫ് വിരുദ്ധ വോട്ടുകൾ ഒരുമിപ്പിക്കാനാണ് സുധാകരനും യുഡിഎഫും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button