അൻവർ സുൽഫിക്കല്‍ എന്നെ പരായജപ്പെടുത്താൻ നോക്കിയ ആൾ….ഗൂഢാലോചന പരിശോധിക്കണം..കൊടിക്കുന്നിൽ

കൊല്ലം : കൊട്ടാരക്കരയിലെ യുഡിഎഫ് പരാജയത്തിന് പിന്നാലെ രൂക്ഷ വിമർശനം ഉന്നയിച്ച കെഎസ്യു കൊല്ലം ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫിക്കറിനെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്ത്. അൻവർ സുൽഫിക്കറിനെതിരെ നടപടി വേണമെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ച ആളാണിതെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ ശക്തമായ നടപടി സ്വീകരിക്കണം. കോൺഗ്രസ് വിജയത്തിന്റെ ശോഭ കെടുത്താൻ ശ്രമിക്കുകയാണെന്നും വിമർശനത്തിന് പിന്നിലെ ഗൂഢാലോചന പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് തരംഗം കൊട്ടാരക്കരയിൽ പ്രതിഫലിക്കാതെ പോയതിന് പിന്നാലെയാണ് കൊടിക്കുന്നിൽ സുരേഷിനെ ഉന്നംവെച്ച് കെഎസ്യു കൊല്ലം ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫികർ രംഗത്തെത്തിയത്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിന് വലിയ മേൽക്കൈയാണെന്നും കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ യുഡിഎഫിന് തകർച്ച സമ്പൂർണമാണെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള കാരണം ആലോചിച്ച് തല പുകയ്ക്കാൻ നിൽക്കേണ്ടെന്നും ജനങ്ങൾക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും പാർട്ടിയെ നശിപ്പിക്കുന്ന ദേശീയ നേതാവിന്റെ ശിങ്കിടികളുമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അൻവർ സുൾഫിക്കർ പ്രതികരിച്ചത്.




