ബേപ്പൂരിൽ പോരിനിറങ്ങി അൻവർ, മരുമോനിസത്തിനെതിരായ പോരെന്ന് പ്രസ്താവന

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതുമുന്നണിയിൽ നിന്നും കലഹിച്ച് എംഎൽഎ സ്ഥാനം രാജിവച്ച പിവി അൻവർ പോരിനിറങ്ങി. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് നീക്കം. മന്ത്രി പിഎ മുഹമ്മദ് റിയാസിൻ്റെ സിറ്റിങ് സീറ്റായ ഇവിടം എൽഡിഎഫ് പതിവായി ജയിച്ചുകയറുന്ന മണ്ഡലമാണ്. ഈ സാഹചര്യത്തിലാണ് പിവി അൻവർ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങിയത്.
താൻ മത്സരിക്കുന്നത് കുടുംബാധിപത്യത്തിന് എതിരെയാണെന്നും മരുമോനിസമാണ് മുഖ്യമന്ത്രിയെ തകർത്തതെന്നും മണ്ഡലത്തിൽ വോട്ടർമാരെ കാണാനെത്തിയ പിവി അൻവർ പറഞ്ഞു. മരുമോൻ വന്ന ശേഷമാണ് സഖാവ് പിണറായി സഖാവ് പിണറായി അല്ലാതായി മാറിയത്. മരുമോനെ കൊണ്ടുവന്നപ്പോൾ കോഴിക്കോട് ജില്ലയിലെ പല നേതാക്കളും അവഗണിക്കപ്പെട്ടു. അവരുടെയെല്ലാം പിന്തുണ തനിക്ക് കിട്ടുമെന്നും അൻവർ പറഞ്ഞു.



