നിങ്ങള്‍ ഒരിക്കലും പുറത്തേക്ക് കാണിച്ചിട്ടില്ലാത്ത കണ്ണീരിനെക്കുറിച്ചും ആരും കാണാത്ത പോരാട്ടങ്ങളെക്കുറിച്ചും ഞാൻ ഓർക്കും…
കോഹ്ലിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഭാര്യ അനുഷ്‌ക ശര്‍മ. ‘ ഒരോ ടെസ്റ്റ് സീരീസിന് ശേഷവും നിങ്ങള്‍ കൂടുതല്‍ ബുദ്ധിമാനും വിനയാന്വിതനുമായി തിരിച്ചെത്തും. ഈ അനുഭവങ്ങളിലൂടെ നിങ്ങള്‍ വളരുന്നത് കാണാന്‍ എനിക്ക് അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു’, അനുഷ്‌ക സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള കോഹ്ലിയുടെ വിരമിക്കല്‍ അപ്രതീക്ഷതമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെയും നിരാശയിലാഴ്ത്തി. ഇന്ത്യയ്ക്കായി 123 ടെസ്റ്റുകളില്‍ കോഹ്ലി കളിച്ചിട്ടുണ്ട്. 46 ശരാശരിയില്‍ 30 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 9,230 റണ്‍സ് നേടി.
‘അവര്‍ റെക്കോര്‍ഡുകളെക്കുറിച്ചും നിങ്ങള്‍ പിന്നിട്ട നാഴികക്കല്ലുകളെക്കറിച്ചും സംസാരിക്കും. എന്നാല്‍, നിങ്ങള്‍ ഒരിക്കലും പുറത്തേക്ക് കാണിച്ചിട്ടില്ലാത്ത കണ്ണീരിനെക്കുറിച്ചും ആരും കാണാത്ത പോരാട്ടങ്ങളെക്കുറിച്ചും ക്രിക്കറ്റിന്റെ ഈ ഫോര്‍മാറ്റിനോട് കാണിച്ച അചഞ്ചലമായ സ്നേഹത്തെക്കുറിച്ചുമായിരിക്കും ഞാന്‍ ഓര്‍ക്കുക. ഇതിനെല്ലാമായി നിങ്ങള്‍ എത്രമാത്രം സഹിച്ചുവെന്ന് എനിക്കറിയാം. ഒരോ ടെസ്റ്റ് സീരീസിന് ശേഷവും നിങ്ങള്‍ കൂടുതല്‍ ബുദ്ധിമാനും വിനയാന്വിതനുമായി തിരിച്ചെത്തും. ഈ അനുഭവങ്ങളിലൂടെ നിങ്ങള്‍ വളരുന്നത് കാണാന്‍ എനിക്ക് അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു’, അനുഷ്‌ക കുറിച്ചു. കോഹ്ലിക്കൊപ്പം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രം പങ്കിട്ട് അനുഷ്‌ക കുറിച്ചു.