‘ഞാൻ നിരപരാധി; കോടതികളിൽ കുറ്റക്കാരല്ലാത്തവർ ശിക്ഷിക്കപ്പെടാറുണ്ടെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം’

തൊണ്ടിമുതൽ തിരിമറിക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ കേസിൽ താൻ നിരപരാധിയാണെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കോടതികളിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് താൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധിയെന്നും ആന്റണി രാജു പറഞ്ഞു.
തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നതാണ് തന്റെ ആത്മവിശ്വാസമെന്ന് ആന്റണി രാജു പറഞ്ഞു. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ. 2002ൽ എകെ ആന്റണി മുഖ്യമന്ത്രിയായ കാലത്ത് താൻ നിരപരാധിയാണെന്ന അന്തിമറിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. 2006ൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പുനരന്വേഷണത്തിന് ഉത്തരവിട്ട് മൂന്ന് മാസത്തിനുള്ളിൽ തനിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച അന്നുമുതൽ താനോ, വക്കീലോ കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. കേസിനെ നിയമപരമായി നേരിടും. നിരപരാധികളിൽ എത്രയോ പേർ ശിക്ഷിക്കപ്പെട്ട് കഴിയുന്നുണ്ടെന്നും കോടതി വിധിയ്ക്ക് പിന്നാലെ ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.



