ആന്റണി രാജു അയോഗ്യൻ; ജനാധിപത്യകേരള കോണ്‍ഗ്രസിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ സീറ്റ് ഏറ്റെടുക്കാനൊരുങ്ങി സിപിഐഎം

തൊണ്ടിമുതല്‍ കേസിൽ ആന്‍റണി രാജുവിന് ശിക്ഷ വിധിച്ചതിന് പിന്നാലെ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കാൻ സിപിഐഎം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ആശയവിനിമയം ആന്‍റണി രാജുവുമായി നടന്നുവെന്നാണ് വിവരം.
അതേസമയം സീറ്റ് തിരിച്ചെടുക്കരുതെന്ന നിലപാടിലാണ് ആന്റണി രാജു. ഇക്കാര്യം നേതൃത്വത്തോട് ആവശ്യപ്പെട്ടു. ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ നിന്നും മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ കഴിയുമെന്നാണ് ആന്റണി രാജുവിന്റെ അവകാശവാദം. തൊണ്ടിമുതല്‍ കേസിലെ വിധിക്കെതിരെ മേല്‍ക്കോടതിയുടെ സ്‌റ്റേ ലഭിച്ചതിന് ശേഷം മുന്നണി അനുവദിച്ചാല്‍ മത്സരിക്കാനുളള ആഗ്രവും ആന്റണി രാജുവിനുണ്ട്. പൊതുസ്വതന്ത്രനെ നിര്‍ത്താം പക്ഷെ സീറ്റ് തന്റെ പാര്‍ട്ടിക്ക് തന്നെ വേണം എന്നും ആന്‍റണി രാജുവിന് അഭിപ്രായമുണ്ട്.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അഭിഭാഷകനായിരിക്കെ ചെയ്ത നിയമലംഘനമാണ് ആന്റണി രാജുവിന്റെ രാഷ്ട്രീയജീവിതത്തില്‍പ്പോലും തിരിച്ചടിയായിരിക്കുന്നത്. 1951 ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, രണ്ട് വര്‍ഷത്തിന് മുകളില്‍ തടവ് ശിക്ഷ ലഭിച്ച ഒരു ജനപ്രതിനിധിക്ക് ഉടനടി അംഗത്വം നഷ്ടമാകും. നിലവിലെ എംഎല്‍എ സ്ഥാനം നഷ്ടപ്പെടുന്നതിനൊപ്പം ആന്റണി രാജുവിന് അടുത്ത ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കില്ല. അതേസമയം കേസില്‍ അപ്പീല്‍ പോകാനാണ് ആന്റണി രാജുവിന്റെ തീരുമാനം.
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ആന്റണി രാജുവിന്റെ കേസ് രാഷ്ട്രീയ ആയുധമാക്കിയായിരിക്കും പ്രചാരണം നടത്തുക. കെ എസ് ശബരിനാഥന്‍, വി എസ് ശിവകുമാര്‍ എന്നിവരുടെ പേരാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്. മികച്ച സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി പിടിക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ കൂടിയാണ് സീറ്റ് നിലനിർത്താൻ സിപിഐഎം നേരിട്ട് ഇറങ്ങുന്നത്.




