മുംബൈ ഇന്ത്യൻസിന് വീണ്ടും തലവേദന…ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 12 ലക്ഷം രൂപ പിഴ…
ഐപിഎല്ലിന്റെ 18-ാം സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റ് തുടങ്ങിയ മുംബൈ ഇന്ത്യൻസിന് വീണ്ടും തലവേദന. കുറഞ്ഞ ഓവര്‍ നിരക്ക് ചൂണ്ടിക്കാട്ടി മുംബൈ നായകൻ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയെന്ന് ഐപിഎൽ പ്രസ്താവനയിലൂടെ അറിയിച്ചു. ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ കുറഞ്ഞ ഓവര്‍ നിരക്കിന് ഒരു മത്സരത്തിൽ വിലക്ക് നേരിട്ട ശേഷമാണ് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ടീമിന് വേണ്ടി ഗുജറാത്ത് ടൈറ്റൻസിനെതിരെ കളത്തിലിറങ്ങിയത്. ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ്, കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റൻമാരെ വിലക്കുന്നത് നിർത്തലാക്കാൻ ഐപിഎൽ തീരുമാനിച്ചിരുന്നു. അതേസമയം, ഹാർദിക്കിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ദിനമായിരുന്നു അഹമ്മദാബാദിലേത്. ബൗളിംഗിൽ 4 ഓവറിൽ വെറും 29 റൺസ് മാത്രം വഴങ്ങിയ ഹാര്‍ദിക് 2 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. ബാറ്റിംഗിനിടെ ഗുജറാത്ത് താരം സായ് കിഷോറുമായി ഹാര്‍ദിക് ഇടയുകയും ചെയ്തു. അമ്പയര്‍മാര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്.