സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം സ്ഥിരീകരിച്ചു

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രോഗലക്ഷണങ്ങളോടെയാണ് സച്ചിദാനന്ദനെ ആശുപത്രിയിൽഎത്തിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. വീട്ടിലെ കിണർ വെള്ളത്തിന്റെ സാംമ്പിൾ അയച്ചിട്ടുണ്ട്. ഇത് പുറത്തുവന്നാൽ മാത്രമേ ഉറവിടം വ്യക്തമാവൂ. അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. എന്നാൽ രോഗഉറവിടം കണ്ടെത്തുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെടുകയാണ്.
തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. മൂക്കിനേയും, മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും, മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 %ത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.




