മലയാളം ഔദ്യോ​ഗിക ഭാഷ; 2025ലെ മലയാള ഭാഷ ബില്ലിന്‍റെ കരടിന്​ അംഗീകാരം നൽകി മന്ത്രിസഭ യോഗം…

2025ലെ മലയാള ഭാഷ ബില്ലിന്‍റെ കരടിന്​ അംഗീകാരം നൽകി മന്ത്രിസഭ യോഗം. ഔദ്യോ​ഗിക ഭാഷയായി മലയാളത്തെ അംഗീകരിക്കുന്ന ബില്ലാണ് ഇത്. മലയാളം ഭാഷക്കായി പ്രത്യേക വകുപ്പും മന്ത്രിയും മലയാളം ഡയറക്ടറേറ്റും​ ഉൾപ്പെടെ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്​.​

2015ൽ മലയാള ഭാഷ (വ്യാപനവും പോഷണവും) നിയമസഭ പാസാക്കിയിരുന്നെങ്കിലും ഗവർണർ രാഷ്ട്രപതിക്ക്​ അയക്കുകയും പത്ത്​ വർഷത്തിനുശേഷം കാരണം വ്യക്​തമാക്കാതെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്​ പുതിയ ബിൽ​ കൊണ്ടുവരുന്നത്​.

1969ൽ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷ മലയാളവും ഇംഗ്ലീഷും ആയിരിക്കുമെന്ന്​ വ്യക്​തമാക്കി ഔദ്യോഗിക ഭാഷ നിയമം നിർമിച്ചിരുന്നു. 1973ൽ ഇത്​ ഇംഗ്ലീഷോ മലയാളമോ ആയിരിക്കുമെന്ന്​ ഭേദഗതി ചെയ്തു. തുടർന്നാണ് 2015ൽ ഔദ്യോഗിക ഭാഷ മലയാളമാക്കി പുനർനിർവചിച്ച്​ മലയാള ഭാഷ (വ്യാപനവും പോഷണവും) ബിൽ നിയമസഭ പാസാക്കിയത്​.

ബിൽ സംസ്ഥാനത്തെ ഭാഷ ന്യൂനപക്ഷങ്ങളായ തമിഴ്​, കന്നട വിഭാഗങ്ങളുടെ അവകാശങ്ങൾ ലംഘിക്കുമെന്ന സംശയമുയർത്തി അന്നത്തെ ഗവർണർ ജസ്റ്റിസ്​ പി. സദാശിവം രാഷ്ട്രപതിക്ക്​ അയക്കുകയായിരുന്നു. സ്കൂൾ, കോളജ്​ തലങ്ങളിൽ മലയാള ഭാഷ പഠനത്തിന്​ പ്രാമുഖ്യം നൽകുന്നതുൾപ്പെടെ വ്യവസ്ഥകൾ അടങ്ങിയതായിരുന്നു ബിൽ.

Related Articles

Back to top button