മാവേലിക്കരയുടെ അഭിമാനമായി മാറുകകയാണ്… അനൂപിന്റെ സ്വപ്ന ഭവനം…

മാവേലിക്കര: ജീവിതത്തിലെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടി മുന്നേറുന്ന ഭിന്നശേഷിക്കാരനും ലോട്ടറി വ്യാപാരിയുമായ അനൂപിന്റെ സ്വപ്നഭവനത്തിന്റെ തറക്കല്ലിടൽ ചടങ്ങ് അത്യന്തം ഹൃദയസ്പർശിയായി. മാവേലിക്കര മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ നിർമിക്കപ്പെടുന്ന ഈ ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം എം.എസ്സ് അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ആലപ്പുഴ ആർ.റ്റി.ഓ സജി പ്രസാദ്, മാവേലിക്കര ജോയിന്റ് ആർ.റ്റി.ഓ എം.ജി.മനോജ്, മോട്ടോർവാഹന ഇൻസ്‌പെക്ടർമാരായ പ്രമോദ് കെ.എസ്, ബേബിജോൺ, അനൂപ് നടേശൻ, എ.എം.വിമാരായ ഗോകുൽ, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
അനൂപിന് വീട് നിർമ്മിക്കാനായി സ്ഥലം കണ്ടെത്തി നൽകിയത് കട്ടച്ചിറ ജോൺ ഓഫ് കെന്നഡി മെമ്മോറിയൽ സ്കൂൾ ഉടമസ്ഥരായ മായശ്രീകുമാർ, സിറിൽ എന്നിവർ ചേർന്നാണ്. വിദേശ വ്യവസായി പമ്പാ വാസൻ നേതൃത്വം നൽകുന്ന സി.എം.എൻ. ട്രസ്റ്റ് വീടിന്റെ നിർമ്മാണച്ചുമതല ഏറ്റെടുത്തിരിക്കുകയാണ്. നിർമാണം കരുനാഗപ്പള്ളി ഗ്രാൻഡ് ടെക്ക് ഉടമ സിയാദ് ഏറ്റെടുത്ത് പൂർത്തിയാക്കും.
അനൂപിന്റെ ആത്മസമർപ്പണവും സാമൂഹ്യസേവന പ്രവർത്തനങ്ങളും അറിഞ്ഞ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ അനൂപിന് സ്ഥലം കണ്ടെത്താനും ഭവനം നിർമിക്കാനുമായി മാവേലിക്കര ആർ.റ്റി.ഓ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് മാവേലിക്കര മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് അനൂപിന്റെ സ്വപ്നത്തിന് ജീവൻ നൽകിയിരിക്കുന്നത്. ഗതാഗത മന്ത്രിയുടെ ഓഫീസിൽ വെച്ച് വീടിനായി നൽകിയ സ്ഥലത്തിന്റെ ആധാരം ജോൺ ഓഫ് കെന്നഡി സ്കൂൾ അധികൃതർ മന്ത്രിക്ക് കൈമാറുകയും മന്ത്രി അത് മാവേലിക്കര എം.എൽ.എ എം.എസ്സ്. അരുൺകുമാർ മുഖാന്തരം അനൂപിന് കൈമാറുകയും ചെയ്തിരുന്നു. ജീവിതത്തിലെ പ്രതിബദ്ധതയും പോരാട്ടവീര്യവും കൊണ്ട് മുന്നേറുന്ന അനൂപിന്റെ സ്വപ്നഭവനം യാഥാർത്ഥ്യത്തിലേക്ക് എത്തുകയാണ്. ഈ മനോഹരമായ സാമൂഹ്യനേട്ടം മാവേലിക്കരയുടെ അഭിമാനമായി മാറുകയാണ്.



