കണ്ണപുരം സ്ഫോടന കേസ്…അനൂപ് മാലിക്കിനെ വിവിധ രാഷ്ട്രീയ നേതാക്കൾ ആദരിക്കുന്ന ചിത്രങ്ങൾ പുറത്ത്…
കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക്കിന് രാഷ്ട്രീയക്കാരുടെ പിന്തുണ ലഭിച്ചു. വിവിധ കേസുകളിൽ പ്രതിയായിരുന്നപ്പോഴും നാട്ടിൽ ആദരവ് ലഭിച്ചു. ബോഡി ബിൽഡർ എന്ന നിലയിലാണ് ആദരവ് ലഭിച്ചത്. സിപിഎം, കോൺഗ്രസ് നേതാക്കൾ ആദരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. അതേസമയം ബന്ധം സംബന്ധിച്ച് സിപിഎം, കോണ്‍ഗ്രസ് നേതാക്കൾ പരസ്പരം പഴിചാരുകയാണ്.
കീഴറയിലെ വാടക വീട്ടിലെ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് അനൂപ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. 2016 മാർച്ചിൽ കണ്ണൂരിലെ പൊടിക്കുണ്ടിൽ വൻ നാശമുണ്ടാക്കിയ സ്ഫോടനത്തിന് പിന്നിലും അനൂപ് മാലിക് ആയിരുന്നു. അനൂപിന് കോൺഗ്രസ് ബന്ധം ഉണ്ടെന്ന് അന്നുയർത്തിയ ആരോപണം ഇപ്പോൾ വീണ്ടും ഉയർത്തുകയാണ് സിപിഎമ്മും ബിജെപിയും. അതേസമയം, ഈ ആരോപണം കോൺഗ്രസ് തള്ളുന്നു. 2016 മാർച്ചിൽ നല്ല ജനവാസമുള്ള പൊടിക്കുണ്ട് രാജേന്ദ്ര നഗറിൽ നടന്ന സ്ഫോടനത്തിൽ 7 വീടുകൾക്ക് കാര്യമായ നാശവും 9 വീടുകൾക്ക് ഭാഗികമായ നാശനഷ്ടവും ഉണ്ടായിരുന്നു. പത്ത് പേരിൽ നാല് പേർക്ക് ഗുരുതരമായ പരിക്കിമേറ്റിരുന്നു. അന്ന് അനൂപ് മാലിക്കിനെ കൂടാതെ പെൺ സുഹൃത്ത് അടക്കം മൂന്ന് പേരെയാണ് പൊലീസ് പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചത്. നാല് കോടി രൂപയുടെ നഷ്ടമുണ്ടായി വലിയ ജനവികാരം ഉണർന്നിട്ടും പൊലീസ് അന്വേഷണം കാര്യമായി നടന്നില്ലെന്ന് പരാതിയുണ്ട്.