ആകാശത്ത് തീ വളയം തെളിയും; ഇന്ന് വലയ സൂര്യഗ്രഹണം

ആകാശ നിരീക്ഷകരെയും ശാസ്ത്രലോകത്തെയും ഒരുപോലെ ആവേശത്തിലാഴ്ത്തുന്ന വലയ സൂര്യഗ്രഹണം ഇന്ന് നടക്കും. 2026ലെ ആദ്യ സൂര്യഗ്രഹണവും ഇതുതന്നെയാണ്. ഗ്രഹണ സമയത്ത് ചന്ദ്രന് സൂര്യനെ പൂർണമായി മറയ്ക്കാൻ കഴിയാത്തതിനാൽ, സൂര്യന്റെ പുറംഭാഗം ഒരു അ​ഗ്നിവളയം പോലെ ദൃശ്യമാകും. ഇതുകൊണ്ടാണ് ഈ അപൂർവ ആകാശ പ്രതിഭാസത്തെ വലയ ഗ്രഹണം എന്ന് വിളിക്കുന്നത്.

ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.26ന് ആരംഭിക്കുന്ന സൂര്യഗ്രഹണം 4 മണിക്കൂർ 31 മിനിറ്റ് നീണ്ടുനിൽക്കും. രാത്രി 7.57ഓടെ ഗ്രഹണം അവസാനിക്കും. ഗ്രഹണത്തിന്റെ പൂർണതാ ഘട്ടം 2 മിനിറ്റ് 20 സെക്കൻഡ് മാത്രമായിരിക്കും. ഈ സമയത്ത് സൂര്യന്റെ കേന്ദ്രഭാഗത്തിന്റെ ഏകദേശം 96 ശതമാനം ചന്ദ്രൻ മറയ്ക്കും.

എവിടെയൊക്കെ കാണാം?

ഈ മനോഹര കാഴ്ച നേരിട്ട് കാണാൻ ഭാഗ്യമുള്ളവർ വളരെ കുറച്ചുപേരാണ്. അന്റാർട്ടിക്കയിലെ വിദൂര പ്രദേശങ്ങളിലാണ് ഗ്രഹണം ഏറ്റവും വ്യക്തമായി ദൃശ്യമാകുന്ന മേഖല. കൂടാതെ തെക്കൻ അർജന്റീന, ചിലി, ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങൾ, സമീപ സമുദ്ര മേഖലകൾ എന്നിവിടങ്ങളിലും ഗ്രഹണം കാണാനാകും. ഇന്ത്യയിൽ നിന്ന് നേരിട്ട് കാണാൻ സാധിക്കില്ലെങ്കിലും, ലൈവ് സ്ട്രീമിങ് വഴി ഈ പ്രതിഭാസം ആസ്വദിക്കാൻ അവസരമുണ്ട്.

എന്താണ് വലയ സൂര്യഗ്രഹണം?

ഭൂമിയെയും സൂര്യനെയും ചന്ദ്രനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് പരിക്രമണമാണ്. ഈ മൂന്ന് ആകാശഗോളങ്ങളും ഒരേ നേർരേഖയിൽ എത്തുമ്പോൾ ഗ്രഹണം സംഭവിക്കുന്നു. ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ എത്തി സൂര്യനെ മറയ്ക്കുമ്പോഴാണ് സൂര്യഗ്രഹണം.

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ദീർഘവൃത്താകാര പാതയിലാണ്. അതിനാൽ ചില സമയങ്ങളിൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് കൂടുതൽ അകലെയായിരിക്കും. അപ്പോൾ ചന്ദ്രൻ സാധാരണത്തേക്കാൾ ചെറുതായി തോന്നും. അത്തരമൊരു സാഹചര്യത്തിൽ സൂര്യഗ്രഹണം സംഭവിക്കുമ്പോൾ, ചന്ദ്രന് സൂര്യനെ പൂർണമായി മറയ്ക്കാൻ കഴിയില്ല. ഫലമായി, ചന്ദ്രൻ മറയ്ക്കാതെ ശേഷിക്കുന്ന സൂര്യന്റെ പുറംഭാഗം ഒരു തെളിഞ്ഞ വളയം പോലെ ദൃശ്യമാകും — അതാണ് വലയ സൂര്യഗ്രഹണം.

വരാനിരിക്കുന്ന വലയഗ്രഹണങ്ങൾ

അടുത്ത വലയ സൂര്യഗ്രഹണം 2027 ഫെബ്രുവരി 6ന് സംഭവിക്കും. പശ്ചിമാഫ്രിക്കയ്ക്കൊപ്പം ചിലി, അർജന്റീന തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിലും അത് ദൃശ്യമാകും. തുടർന്ന് 2028 ജനുവരി 26ന് നടക്കുന്ന വലയഗ്രഹണം 10 മിനിറ്റ് 27 സെക്കൻഡ് നീണ്ടുനിൽക്കും. ഗാലപാഗോസ് ദ്വീപുകൾ, ഇക്വഡോർ, ബ്രസീൽ എന്നിവിടങ്ങളിലാണ് അത് കാണാനാകുക.

കേരളത്തിൽ എപ്പോൾ?

ഈ നൂറ്റാണ്ടിൽ കേരളത്തിൽ മൂന്ന് വലയ സൂര്യഗ്രഹണങ്ങൾ മാത്രമാണ് സംഭവിക്കുക.

  • ആദ്യത്തേത്: 2010 ജനുവരി 15
  • രണ്ടാമത്തേത്: 2019 ഡിസംബർ 26
  • അവസാനത്തേത്: 2031 മേയ് 21

2031-ലെ ഗ്രഹണത്തിൽ കോട്ടയം കേന്ദ്രമാക്കി മധ്യകേരളത്തിൽ, സൂര്യൻ ഒരു അഗ്നിവളയം പോലെ ദൃശ്യമാകുമെന്നാണ് കണക്കാക്കുന്നത്.

Related Articles

Back to top button