സ്ഥാനാർത്ഥി പ്രഖ്യാപനം…സംസ്ഥാനത്തുടനീളം മുന്നണികളിൽ പൊട്ടിത്തെറി…

തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം മുന്നണികളിൽ അസ്വാരസ്യങ്ങളും പൊട്ടിത്തെറികളും. തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർത്ഥികളെ ചൊല്ലി ബിജെപിയിലും എൽഡിഎഫിലും തർക്കം തുടരുകയാണ്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് കോൺഗ്രസിലും മുസ്‌ലിം ലീഗിലും നേതാക്കളുടെ രാജിപ്രഖ്യാപനവുമുണ്ടായി. മധ്യകേരളത്തിൽ വിവിധ ജില്ലകളിൽ സ്ഥാനാർത്ഥി നിർണയം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടുദിവസത്തിനകം എല്ലാ സീറ്റുകളിലേക്കും മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.

എറണാകുളത്ത് എൽഡിഎഫും എൻഡിഎയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും ഒട്ടുമിക്ക സീറ്റുകളിലും പട്ടിക പുറത്തുവിട്ടു. കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്തിലേക്കുള്ള രണ്ടാംഘട്ട പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. കോട്ടയത്തും ജില്ലാ പഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.

എൽഡിഎഫിൽ ജില്ലാ പഞ്ചായത്ത് അടക്കം സീറ്റ് വിഭജനം പൂർത്തിയായിട്ടുണ്ട്. അവസാനഘട്ട സ്ഥാനാർത്ഥിപ്രഖ്യാപനം നാളെ നടത്തും. ഇടുക്കിയിൽ യുഡിഎഫിൽ ഘടകകക്ഷികൾ തമ്മിലുള്ള തർക്കം തുടരുകയാണ്. ചർച്ചക്കൊടുവിൽ നാളെ പ്രഖ്യാപനം ഉണ്ടായേക്കും. തൃശൂരിൽ കോൺഗ്രസിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ കൂടുതൽ അസംതൃപ്തർ രംഗത്ത് വന്നേക്കും. ആലപ്പുഴയിലും യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും.

Related Articles

Back to top button