അഞ്ജലി പി.വി അല്ല…. അഞ്ജലി നായർ…. പേര് മാറ്റത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദ്ദേശം

തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായരുടെ വോട്ടിങ് യന്ത്രത്തിലെ പേര് മാറ്റണമെന്ന ആവശ്യം പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദ്ദേശം നൽകി. പ്രചാരണത്തിന് ഉപയോഗിക്കുന്ന പേര് തന്നെ ബാലറ്റിലും വേണമെന്ന അഞ്ജലിയുടെ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. അതേസമയം, തിരഞ്ഞെടുപ്പുകളിൽ അപരന്മാരെ ഉപയോഗിക്കുന്ന രാഷ്ട്രീയ ശൈലിക്കെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിച്ചു.

അഞ്ജലി പി.വി. എന്നാണ് തന്റെ ഔദ്യോഗിക പേരെങ്കിലും വോട്ടർമാർക്കിടയിൽ ‘അഞ്ജലി നായർ’ എന്ന പേരിലാണ് താൻ അറിയപ്പെടുന്നതെന്ന് സ്ഥാനാർത്ഥി കോടതിയെ അറിയിച്ചു. പോസ്റ്ററുകളിലും മറ്റ് പ്രചാരണ സാമഗ്രികളിലും ഇതേ പേരാണ് ഉപയോഗിക്കുന്നത്. അതിനാൽ വോട്ടിങ് യന്ത്രത്തിലും ഈ പേര് ഉൾപ്പെടുത്തണമെന്നാണ് കോടതി നിർദ്ദേശിച്ചത്.

തിരഞ്ഞെടുപ്പുകളിൽ അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനായി സമാനമായ പേരുള്ളവരെ മത്സരരംഗത്തിറക്കുന്നത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും കോടതി വ്യക്തമാക്കി. സ്ഥാനാർത്ഥിയുടെ ആവശ്യം അടിയന്തരമായി പരിഗണിച്ച് വോട്ടിങ് യന്ത്രത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.

Related Articles

Back to top button