മരം മുറിച്ചുകൊണ്ടുപോയിട്ടും പണം അടയ്ക്കാത്ത സംഭവം…വനംവികസന കോർപ്പറേഷന് ഒരുകോടി നഷ്ടമുണ്ടാക്കിയ മരംലേലത്തിലെ കരാറുകാരൻ എൻസിപി നേതാവ്..
കേരള വനംവികസന കോർപ്പറേഷൻ (കെഎഫ്ഡിസി) തിരുവനന്തപുരം ഡിവിഷൻ അരിപ്പ സബ് യൂണിറ്റിൽ ഒരുകോടി രൂപ നഷ്ടമുണ്ടാക്കിയ മരം ലേലത്തിലെ കരാറുകാരൻ എൻസിപി നേതാവ്. രണ്ടു തോട്ടങ്ങളിലെ യൂക്കാലി മരം മുറിച്ചുമാറ്റുന്നതിന് ലേലം ഉറപ്പിച്ചത് എൻസിപി നേതാവായ പാങ്ങോട് സ്വദേശിയാണ്. ഇദ്ദേഹം നികുതിയടക്കം ഒരു കോടിയിലേറെ രൂപ വനംവികസന കോർപ്പറേഷന് നൽകാനുണ്ട്. മരം മുറിച്ചുകൊണ്ടുപോയിട്ടും പണം അടയ്ക്കാത്ത സംഭവത്തിൽ കോർപ്പറേഷൻ തിരുവനന്തപുരം ഡിവിഷണൽ മാനേജർ അടക്കം മൂന്നുപേർക്കെതിരേ വകുപ്പുതല നടപടി ആരംഭിച്ചിരുന്നു.
കരാറുകാരനായ ഭരണകക്ഷി നേതാവിന്റെ അപേക്ഷയിൽ ഡിവിഷണൽ മാനേജരുടെ ശുപാർശപ്രകാരം രണ്ടു കരാറുകളുടെയും കാലാവധി പലതവണ നീട്ടിനൽകിയിരുന്നു. നീട്ടിനൽകിയ കാലാവധിയടക്കം 27 മാസത്തിനിടയിൽ കരാറുകാരൻ തോട്ടത്തിലെ ജോലികൾ പൂർത്തിയാക്കിയില്ലെന്നും ഒരുകോടി രൂപ കോർപ്പറേഷന് അടയ്ക്കാനുണ്ടെന്നും കെഎഫ്ഡിസി മാനേജിങ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. മന്ത്രിയുടെ പാർട്ടിയുടെ നേതാവ് എന്നനിലയിൽ സ്വാധീനം ചെലുത്തിയാണ് പലതവണ സമയം നീട്ടിവാങ്ങിയതെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.
8.474 ഹെക്ടർ സ്ഥലത്തെ യൂക്കാലിപ്റ്റസ് പെല്ലിറ്റ മുറിച്ചുനീക്കുന്നതിനെടുത്ത കരാർപ്രകാരം 46.40 ലക്ഷം രൂപ ഇനി അടയ്ക്കാനുണ്ട്. 12.75 ഹെക്ടർ സ്ഥലത്തെ യൂക്കാലിപ്റ്റസ് ഹൈബ്രിഡ് മരം മുറിക്കാനുള്ള കരാർപ്രകാരം 54.08 ലക്ഷമാണ് നൽകാനുള്ളത്. അടയ്ക്കാനുള്ള തുകയ്ക്ക് തുല്യമായ മരങ്ങൾ തോട്ടത്തിൽ അവശേഷിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. തോട്ടം മുറിയുടെ കാലയളവുകളിൽ ഡിവിഷണൽ മാനേജരും അസിസ്റ്റന്റ് മാനേജരും പരിശോധന നടത്തി പണം അടപ്പിക്കുന്നതിനുവേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാനേജിങ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. കരാറുകാരൻ ഓരോ തവണയും അടച്ച തുകയ്ക്ക് അനുവദനീയമായതിലും അധികം തടി കൊണ്ടുപോകാൻ അനുമതി നൽകിയത് നഷ്ടത്തിന് കാരണമായെന്നും പറയുന്നു.