വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി മർദിച്ചു

ദുബായിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിന് സമീപത്ത് നിന്നും ഒരു സംഘം ആളുകൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. പിന്നീട് കാറിൽ കയറ്റി മർദിച്ചു. മൊബൈൽ ഫോണും സാധനങ്ങളും അടങ്ങിയ ബാഗ് തട്ടിയെടുത്ത ശേഷം ആറംഗ സംഘം യുവാവിനെ വഴിയിൽ തള്ളി. കാസർകോട് കിഴക്കേക്കര തവയ്ക്കൽ മൻസിലിൽ മുഹമ്മദ് ഷാഫി (40)യെയാണ് തട്ടിക്കൊണ്ട് പോയത്. മർദനത്തിനിടെ പല സ്ഥലങ്ങളിലൂടെ കറങ്ങിയ സംഘം കുറെ സമയത്തിന് ശേഷം യുവാവിനെ ആലുവ പറവൂർ കവലയിൽ ഇറക്കി വിട്ടു. ഉപദ്രവിച്ച കാര്യം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും സംഘം ഭീഷണിപ്പെടുത്തി. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സംശയിക്കുന്നത്.
ദുബായ് അജ്മാനിലെ കഫറ്റീരിയയിൽ ഡെലിവറി ബോയിയാണ് ഷാഫി ജോലി ചെയ്യുന്നത്. 2024 മെയ് മാസത്തിലാണ് ഷാഫി അവസാനമായി നാട്ടിലെത്തി മടങ്ങിയത്. ആദ്യമായാണ് കൊച്ചി വിമാനത്താവളം വഴി നാട്ടിലേക്ക് വരുന്നതും. വെള്ളിയാഴ്ച പുലർച്ചെയാണ് ഷാഫി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചിയിലിറങ്ങിയത്. ഇന്റർനാഷണൽ ടെർമിനലിൽ നിന്നും പ്രീ-പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് പോകുന്നതിനിടയിൽ പിന്നിൽ നിന്നും വന്ന മൂന്ന് പേർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീട് ബലംപ്രയോഗിച്ച് കാറിൽ കയറ്റി. മറ്റ് മൂന്ന് പേർ കൂടെ കാറിൽ ഉണ്ടായിരുന്നുവെന്ന് ഷാഫി പറയുന്നു. ഒരു ലക്ഷം രൂപ വില വരുന്ന ഐഫോണും ഹാൻഡ്ബാഗും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും സംഘം കൈക്കലാക്കി. സ്വർണം എവിടെയെന്ന് ചോദിച്ചാണ് മർദനം തുടർന്നതെന്നും ഷാഫി പറഞ്ഞു. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും




