ഉരുളെടുത്ത നോവിൽ നിന്നും ഒരു പ്രവേശനോത്സവം… വെള്ളാർമല, മുണ്ടക്കൈ സ്കൂളിലും ആടിയും പാടിയും വിദ്യാർത്ഥികൾ…
ഉരുളെടുത്ത വെള്ളാർമല സ്കൂളിലും മുണ്ടക്കൈ എൽപി സ്കൂളിലും പ്രവേശനോത്സവം. മുണ്ടക്കൈയിൽ 16 കുട്ടികളും വെള്ളാർ മലയിൽ 49 കുട്ടികളുമാണ് പുതിയതായി പഠിക്കാനായി എത്തിയത്. ബിൽഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യ നിർമ്മിച്ച ക്ലാസ് മുറികളിൽ പഠിക്കാൻ ആയതിന്റെ സന്തോഷം വെള്ളാർ മലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുമുണ്ടായിരുന്നു. വെള്ളാർമല സ്കൂളിലെ തങ്ങളുടെ പ്രിയപ്പെട്ട പാട്ടുപാടി വിദ്യാർത്ഥികൾ ആദ്യ ദിവസം ആഘോഷമാക്കി.
ഇത്തവണ നാലാം ക്ലാസ്സിലെ പുതിയ പുസ്തകത്തിൽ ഉരുൾപൊട്ടൽ ഉൾപ്പെടെ മുൻനിർത്തി അതിജീവനം എന്ന പാഠഭാഗം ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുണ്ടക്കൈ സ്കൂളിലെ അധ്യാപികയായ ശാലിനി തങ്കച്ചനും പുസ്തക രചനയിൽ ഭാഗമായിരുന്നു. സന്നദ്ധ സംഘടനയായ കൃപയാണ് വെള്ളാർ മലയിലെയും മുണ്ടക്കൈയിലേയും മേപ്പാടിയിലെയും വിദ്യാർത്ഥികൾക്ക് ബാഗും പഠനോപകരണങ്ങളും നൽകിയത്.