മാവേലിക്കരയിൽ പോസ്റ്റിലെ തകരാർ പരിഹരിക്കാൻ കയറിയ വൈദ്യുതി വകുപ്പ് ജീവനക്കാരന് പൊള്ളലേറ്റു
മാവേലിക്കര- ട്രാൻസ്ഫോമറിന്റെ പോസ്റ്റിലെ തകരാർ പരിഹരിക്കാൻ കയറിയ വൈദ്യുതി വകുപ്പ് ജീവനക്കാരന് വൈദ്യുതാഘാതമേറ്റു. ഇന്നലെ രാവിലെ 11.30ഓടെ മാവേലിക്കര നഗരസഭ 25ാം വാർഡിൽ പടിഞ്ഞാറെ നട ഗുരുമന്ദിരം ജംഗ്ഷനിലുള്ള ട്രാൻസ്ഫോമറിന്റെ പോസ്റ്റിലെ തകരാർ പരിഹരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
കെ.എസ്.ഇ.ബി മാവേലിക്കര സെക്ഷനിലെ ജീവനക്കാരൻ ആലപ്പുഴ പൊന്നാട് സ്വദേശി നൗഷാദ് (46) നാണ് വൈദ്യുതാഘാതമേറ്റത്. ഫയർ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. വിവരം അറിഞ്ഞ് ഓടിയെത്തിയ അഗ്നിശമന സേനാംഗങ്ങൾ കെ.എസ്.ഇ.ബി ജീവനക്കാരുടെ സഹായത്തോടെ റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു. ഇടത് കൈക്കും പുറത്തും ശക്തമായ രീതിയിൽ പൊള്ളലേറ്റ നൗഷാദിനെ സേനയുടെ ആംബുലൻസിൽ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ എം.മനോജ് കുമാർ, പ്രദീപ്.ആർ.എസ്, ഡ്രൈവർ അമ്പാസ്.വൈ, അനീഷ് കുമാർ, ഓഫീസർമാരായ ലൈജു.വി.എൽ, അർജുൻ ചന്ദ്ര, നൗഷാദ്, സജേഷ് ജോൺ, ഹോംഗാർഡ് പ്രമോദ് കുമാർ, അജിത് കുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.