ബാങ്കിന് മുൻപിൽ നിർത്തിയിട്ടിരുന്ന ചുവന്ന കാർ, ഡ്രൈവർ സീറ്റിൽ നിശ്ചലനായി ഇരിക്കുന്നയാൾ.. പൊലീസെത്തി പരോശോധിച്ചപ്പോൾ കണ്ടത് അഴുകിത്തുടങ്ങിയ മൃതദേഹം…

നിർത്തിയിട്ടിരുന്ന കാറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേട്ടയിലായിരുന്നു സംഭവം. പേട്ട എസ്ബിഐ ബാങ്കിനു സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന നിലയിലാണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. പേട്ട എസ്എൻ നഗർ അശ്വതി ഭവനിൽ അജയ്‌കുമാർ(74) ആണ് മരിച്ചത്. പോലീസ് എത്തി വാഹനം തുറക്കുമ്പോൾ അജികുമാറിന്റെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയം.

ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ തൊട്ടടുത്തുള്ള ഫ്ളാറ്റിന്റെ കെയർടേക്കറുടെ ശ്രദ്ധയിൽപ്പെടുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബാങ്കിനു മുന്നിൽ ചുവന്ന കാറിനുള്ളിൽ അനക്കമില്ലാതെ ഒരാൾ ഇരിക്കുന്നതായുള്ള വിവരം ഇയാൾ പേട്ട പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് ഡ്രൈവർ സീറ്റിൽ സീറ്റ് ബെൽറ്റിട്ടിരിക്കുന്ന നിലയിൽ അജയ്‌കുമാറിനെ കണ്ടെത്തിയത്. കാറിന്റെ ഡോർ ലോക്കായിരുന്നില്ല. താക്കോൽ ഓണായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജയ്കുമാർ തിങ്കളാഴ്ച രാവിലെ എസ്ബിഐ ബാങ്കിൽ ഇടപാടിനായി എത്തിയിരുന്നതായി കണ്ടെത്തി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. ബാങ്കിൽ നിന്നും തിരികെ കാറിൽ കയറി ഇദ്ദേഹം ഡോർ അടിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അജയ് കുമാറിന് മുൻപും ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത്. ഇതാണ് വീണ്ടും ഹൃദയാഘാതമുണ്ടായതാകാം മരണകാരണമെന്നാണ് പോലീസ് വിലയിരുത്തുന്നത്.

തിങ്കളാഴ്ച രാത്രി ആയിട്ടും അയയ്‌കുമാർ വീട്ടിലെത്താത്തതിനെത്തുടർന്ന് വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നാണ് മകൻ പറയുന്നത്.

Related Articles

Back to top button