പുലർച്ചെ ട്രെയിനുമായി സുരേഷ് ഗോപി എത്തുമ്പോൾ സ്വീകരിക്കാൻ ബിജെപിക്കാരില്ല; കട്ടക്കലിപ്പിൽ അതേ ട്രെയിനിൽ യാത്ര തുടർന്ന് കേന്ദ്രമന്ത്രി

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ അമൃത് ഭാരത് എക്സ്പ്രസിന്റെ ആദ്യ സ്റ്റോപ്പ് നടപ്പാക്കാൻ അതേ ട്രെയിനിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകരെത്തിയില്ല. നാഗർകോവിൽ – മംഗളൂരു റൂട്ടിലും തിരിച്ചുമുള്ള അമൃത്ഭാരത് എക്സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് സംഭവം. മംഗളൂരു ഭാഗത്തേക്കുള്ള ആദ്യ സർവീസിൽ പയ്യന്നൂർ സ്റ്റോപ്പ് പ്രാബല്യത്തിൽ വരുത്തുന്നതിനായി കേന്ദ്ര മന്ത്രി അതേ ട്രെയിനിൽ എത്തുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ യാത്രാസംബന്ധമായ അനിശ്ചിതത്വവും ട്രെയിൻ വൈകലും കാരണം പ്രതീക്ഷിച്ച സ്വീകരണം നടന്നില്ല.
തിരുവനന്തപുരത്തു നിന്നും വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിലാണ് സുരേഷ് ഗോപി കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. വന്ദേഭാരതിൽ കണ്ണൂരിൽ ഇറങ്ങുന്ന മന്ത്രി തുടർന്ന് അവിടെ നിന്നും അമൃത് ഭാരത് എക്സ്പ്രസിൽ കയറും എന്നായിരുന്നു മുൻകൂട്ടി നിശ്ചയിച്ചിരുന്നത്. പക്ഷേ വന്ദേഭാരത് ട്രെയിൻ വൈകിയതോടെ മുഴുവൻ സമയക്രമവും തെറ്റി. ഇതോടെ, മന്ത്രി അമൃത് ഭാരത്തിൽ കയറുമോ എന്ന ആശയക്കുഴപ്പത്തിൽ പ്രവർത്തകർ അർധരാത്രിവരെ കാത്തുനിന്ന ശേഷം മടങ്ങിപ്പോകുകയായിരുന്നു.
ഇതിനിടെ, വന്ദേഭാരത് ട്രെയിൻ എത്താൻ വേണ്ടി അമൃത് ഭാരത് എക്സ്പ്രസ് തലശ്ശേരിയിൽ ഏകദേശം ഒരു മണിക്കൂർ പിടിച്ചിടുകയും ചെയ്തു. ഒടുവിൽ രാത്രി വൈകി കണ്ണൂരിലെത്തിയ മന്ത്രി അമൃത് ഭാരതിൽ കയറി യാത്ര തുടർന്നു.
പുലർച്ചെ 1.44ന് പയ്യന്നൂരിൽ എത്തിയപ്പോൾ, സ്വീകരണം പ്രതീക്ഷിച്ച മന്ത്രി പ്ലാറ്റ്ഫോമിൽ ഇറങ്ങി ഏതാനും നിമിഷങ്ങൾ ചെലവഴിച്ചെങ്കിലും ആരെയും കാണാനായില്ല. ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് അദ്ദേഹം അതേ ട്രെയിനിൽ യാത്ര തുടരുകയായിരുന്നു.



