സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരമരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിയായ വീട്ടമ്മയാണ് ഇന്ന് വൈകിട്ടോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. 77 വയസായിരുന്നു. ഇവർ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നറിയാൻ പഠനം നടക്കുന്നുണ്ടോ എന്നതിൽ പോലും വ്യക്തതയില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകളാണ് ഈ മാസം മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.



