അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് സംശയം.. പത്തനംതിട്ട സ്വദേശി…
അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ പത്തനംതിട്ട സ്വദേശി ചികിത്സയിൽ കഴിയുന്നു. പത്തനംതിട്ട പെരുനാട് സ്വദേശിയായ ടാപ്പിങ് തൊഴിലാളിക്കാണ് രോഗബാധ സംശയിക്കുന്നത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിക്കുന്നതിനായി ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബുകളിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
അമീബിക് മസ്‌തിഷ്‌ക ജ്വരം ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജനങ്ങൾക്ക് പൊതുവായ ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയ ജലാശയങ്ങളിൽ മുങ്ങി കുളിക്കരുതെന്നാണ് പ്രധാന നിർദേശം. ഇതിന് പുറമെ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തണം, ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ച് രജിസ്റ്ററിൽ നടത്തിപ്പുകാർ രേഖപ്പെടുത്തണം, ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ രേഖകൾ ഹാജരാക്കണം, കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജല സംഭരണികളിലും ക്ലോറിനേഷൻ നടത്തണമെന്നും നിർദേശമുണ്ട്.
ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം, ജലസ്രോതസ്സുകളിൽ ഖര മാലിന്യം നിക്ഷേപിക്കരുതെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഓഫീസർമാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കും. പബ്ലിക് ഓഫീസർമാർ ആഴ്ചതോറും സംസ്ഥാന സർവൈലൻസ് ഓഫീസർക്ക് റിപ്പോർട്ട് നൽകണമെന്നും ആരോഗ്യവകുപ്പ് നിർദേശമുണ്ട്.