മോഹൻലാൽ പിൻമാറിയതോടെ ‘അമ്മ’യുടെ പ്രസഡന്റാകാൻ ഈ താരങ്ങൾ.. നാമനിർദേശപത്രിക നൽകി..
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേത മേനോനും മത്സരിക്കും. ഇരുവരും നാമനിർദേശപത്രിക നൽകി. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് 5.30ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. കഴിഞ്ഞമാസം നടന്ന ജനറൽബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലേക്ക് എത്തിയത്. 31 വർഷത്തെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കാതെ ഭരണസമിതി രാജിവെച്ച് തിരഞ്ഞെടുപ്പ് വേണ്ടി വരുന്നത് ഇതാദ്യമായാണ്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും പത്രിക നൽകി. ജോയ് മാത്യു, രവീന്ദ്രൻ, ജയൻ ചേർത്തല, അനന്യ, സരയു, ലക്ഷ്മി പ്രിയ, അഞ്ജലി നായർ, തുടങ്ങിയവരും പത്രിക നൽകി. അമ്മ ഓഫീസിൽ നിന്ന് നൂറിലേറെ പേരാണ് ഫോം കൈപ്പറ്റിയത്.
ബാബുരാജിനെ താത്ക്കാലിക ജനറൽ സെക്രട്ടറിയാക്കി പ്രവർത്തനങ്ങൾ ഏകോപിച്ചെങ്കിലും ബാബുരാജിന് എതിരെയുള്ള അതൃപ്തി സംഘടനയിലാകെ പടർന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്ന ജയൻ ചേർത്തല, അൻസിബ ഹസൻ എന്നിവർക്കെതിരെയും ഒരു വിഭാഗം രംഗത്തുണ്ട്.
ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കിക്കൊണ്ട് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. എന്നാൽ അദ്ദേഹം ഇതിൽനിന്ന് പിൻവാങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജഗദീഷും ശ്വേതാ മേനോനും മത്സരരംഗത്തേക്കിറങ്ങിയത്. ഒരാഴ്ചയായിരുന്നു പത്രിക സമർപ്പിക്കാനുള്ള കാലാവധി. ഇന്ന് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ആയിരിക്കെ നിരവധി താരങ്ങളാണ് ഇതുവരെ പത്രിക നൽകിയത്.