ആവേശക്കടലായി അമിത് ഷായുടെ റോഡ് ഷോ.. ബേപ്പൂരിലും ഹരിപ്പാടും എൻഡിഎയുടെ ശക്തിപ്രകടനം

കോഴിക്കോട്: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പര്യടനം തുടരുന്നു. ബേപ്പൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിന്റെ പ്രചാരണാർത്ഥം മാത്തോട്ടം മുതൽ നടുവട്ടം വരെ അമിത് ഷാ നടത്തിയ റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്.

രാവിലെ 10 മണിക്ക് മാത്തോട്ടത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ വാദ്യമേളങ്ങളുടെയും കേരളീയ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് നടുവട്ടം പാൽ കമ്പനിക്ക് മുന്നിൽ സമാപിച്ചത്. സ്ഥാനാർത്ഥി പ്രകാശ് ബാബുവിനൊപ്പം തുറന്ന വാഹനത്തിൽ അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്തു. ഉച്ചയ്ക്ക് ശേഷം കുന്നത്തുനാട്ടിലെ പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. വൈകിട്ട് 6.15-ന് കാട്ടാക്കടയിൽ എൻഡിഎ സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസിന്റെ പ്രചാരണ സമ്മേളനത്തിലും അമിത് ഷാ സംസാരിക്കും. രാത്രി തിരുവനന്തപുരത്തെ ഹയാസിന്ത് ഹോട്ടലിൽ നടക്കുന്ന പ്രവാസി പ്രവർത്തക സംഗമത്തിലും അദ്ദേഹം മുഖ്യാതിഥിയാകും.

നാളെ രാവിലെ 11 മണിക്ക് ഹരിപ്പാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വചസ്പതിയുടെ പ്രചാരണത്തിനായി അമിത് ഷാ എത്തും. ഗാന്ധി സ്‌ക്വയർ മുതൽ മാതാ ജംഗ്ഷൻ വരെയാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല, മുഹമ്മദ് റിയാസ് തുടങ്ങിയ പ്രമുഖർ ജനവിധി തേടുന്ന മണ്ഡലങ്ങളിൽ അമിത് ഷാ നേരിട്ടെത്തുന്നത് എൻഡിഎ ക്യാമ്പുകളിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

Related Articles

Back to top button