തീരുമാനങ്ങൾ ഒറ്റയ്ക്കെടുക്കരുത്, മുൻ അധ്യക്ഷൻമാരോട് ആലോചിക്കണം..സംസ്ഥാന അധ്യക്ഷന്‍ നിർദേശങ്ങൾ നൽകി അമിത് ഷാ..
ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക സംബന്ധിച്ച അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവരുന്നതിനിടെ സംസ്ഥാന അധ്യക്ഷന്‍ നിര്‍ദേശങ്ങള്‍ നല്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീരുമാനങ്ങള്‍ ഏകപക്ഷീയമായി കൈക്കൊള്ളരുതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേറിനോട് അമിത് ഷാ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ സംസ്ഥാന അധ്യക്ഷന്മാരുമായി കൂടിയാലോചന നടത്തണമെന്നും പുതിയ ഭാരവാഹികളുടെ യോഗത്തില്‍ അമിത് ഷാ നിര്‍ദേശിച്ചതായും അറിയുന്നു.
പാർട്ടിയിൽ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരാണ് വലുതെന്നും അമിത് ഷാ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമീപനങ്ങള്‍ സംബന്ധിച്ചും ഭാരവാഹി യോഗത്തില്‍ ചര്‍ച്ചയുണ്ടായി. തിരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് നേടണമെന്നാണ് അമിത് ഷാ നിര്‍ദേശിച്ചത്.



