അവധിയ്ക്ക് അപേക്ഷനൽകി കേരള രജിസ്ട്രാർ.. സസ്പെൻഷനിലുള്ള ആളുടെ അപേക്ഷയ്ക്ക് എന്തുപ്രസക്തിയെന്ന് വിസി..

കേരളസർവകലാശാലയിൽ നടക്കുന്ന വിസി-രജിസ്ട്രാർ ഏറ്റുമുട്ടലുകൾക്കും വിവാദങ്ങൾക്കുമിടെ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ അവധി അപേക്ഷ നൽകി. ജൂലൈ ഒൻപത് മുതൽ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ നൽകിയത്. വിദേശപര്യടനം കഴിഞ്ഞ് ബുധനാഴ്ച ചുമതലയേറ്റെടുത്ത വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലിനാണ് അവധി അപേക്ഷ നൽകിയത്.

തനിക്ക് ശാരീരികാസ്വസ്ഥതയും രക്തസമ്മർദ്ദത്തിൽ ഏറ്റകുറച്ചിലും ഉള്ളതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ജൂലൈ ഒൻപത് മുതൽ കുറച്ചു നാളത്തെ അവധി വേണമെന്നാണ് വിസിക്ക് മെയിലിൽ അയച്ച അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തൻറെ അഭാവത്തിൽ രജിസ്ട്രാറുടെ ചുമതല പരീക്ഷ കൺട്രോളർക്കോ കാര്യവട്ടം ക്യാമ്പസ് ജോയിൻറ് രജിസ്ട്രാർക്കോ നൽകണമെന്നും അവധി അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, സസ്പെൻഷനിൽ തുടരുന്ന ഉദ്യോഗസ്ഥന്റെ അവധി അപേക്ഷയ്ക്ക് എന്തുപ്രസക്തി എന്ന് രേഖപ്പെടുത്തി വിസി ലീവ് അപേക്ഷ നിരസിച്ചു.

ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിന് തുടർച്ചയായാണ് രജിസ്ട്രാറെ വി.സി സസ്പെൻഡ് ചെയ്തത്. ഗവർണറോട് അനാദരവ് കാണിച്ചെന്നും സർവകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തിൽ പ്രവർത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. പ്രത്യേക സാഹചര്യങ്ങളിൽ വിസിയ്ക്ക്‌ സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള വ്യവസ്ഥ ­ഉപയോഗിച്ചായിരുന്നു നടപടി. സീനിയർ ജോ. രജിസ്ട്രാർ പി. ഹരികുമാറിനാണ് ചുമതല നൽകിയിരുന്നത്.

പിന്നീട് വി.സി ഡോ. മോഹനൻ കുന്നുമ്മൽ വിദേശത്തേയ്ക്ക് പോകുകയും ഡോ. സിസ തോമസിന് താൽക്കാലിക ചുമതല നൽകുകയും ചെയ്തു. തുടർന്ന് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ചേർന്ന് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി. എന്നാൽ, സിൻഡിക്കേറ്റിന്റെ നടപടി വിസി ചുമതലയിലുണ്ടായിരുന്ന സിസ തോമസ് അംഗീകരിച്ചിരുന്നില്ല. വി.സി. സസ്പെൻഡ് ചെയ്ത രജിസ്ട്രാർക്ക് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. വി.സിയുടെ അനുമതി കൂടാതെ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സർവകലാശാല ചട്ടപ്രകാരമുള്ള മേൽനടപടിക്ക് വിധേയനാകുമെന്നും വി.സി. ചുമതലയിൽ ഉണ്ടായിരുന്ന ഡോ. സിസാ തോമസ് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണഅ അദ്ദേഹം അവധിയപേക്ഷ നൽകിയത്.

ജൂൺ 25-ന് ശ്രീപത്മനാഭ സേവാസമിതി സംഘടിപ്പിച്ച സെമിനാറിൽ ഗവർണറായിരുന്നു മുഖ്യാതിഥി. വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചത് തർക്കത്തിനും പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള സംഘർഷത്തിനും വഴിവെച്ചു. മതചിഹ്നങ്ങളോ ആരാധനയോ പാടില്ലെന്ന സർവകലാശാലാചട്ടം സംഘാടകർ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാർ, ഹാളിനുള്ള അനുമതി നിഷേധിച്ചു. എന്നാൽ, ഗവർണർ ചടങ്ങിനെത്തിയതോടെ ഹാളിൽ സെമിനാർ നടന്നു. രജിസ്ട്രാറുടെ പരാതിയിൽ പോലീസ് കേസെടുത്തു. പരിപാടി അലങ്കോലമാക്കാൻ ഉദ്ദേശിച്ച്, ചിലരുടെ ആജ്ഞയനുസരിച്ച് രജിസ്ട്രാർ പ്രവർത്തിച്ചെന്നായിരുന്നു വിസിയുടെ കണ്ടെത്തൽ.

Related Articles

Back to top button