വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ഗവർണർ രാഷ്ട്രപതിയ്ക്ക് അയച്ചു

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് ബിൽ. ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ കൊല്ലുന്നതിനോ മയക്കുവെടി വെയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥ ബില്ലിലുണ്ട്.

നിലവിലെ നിയമപ്രകാരം, മനുഷ്യജീവന് അപായമുണ്ടാക്കുന്ന വന്യജീവികളെ കൊല്ലുകയെന്നത് സാങ്കേതികമായി പ്രയാസമേറിയ കാര്യമായിരുന്നു. ഇതേതുടർന്നാണ് കേന്ദ്ര നിയമത്തിൽ കേരളം ഭേദഗതി വരുത്തിയത്.

നിലവിലുള്ള നടപടിക്രമങ്ങൾ മൂലം, സമിതി രൂപീകരിച്ച് ശുപാർശ നൽകുക, ക്യാമറ വെച്ച് അപകടം വരുത്തിയ മൃഗത്തെ തിരിച്ചറിയുക, കടുവയാണെങ്കിൽ അത് നരഭോജിയാണോയെന്ന് ഉറപ്പുവരുത്തുക എന്നീ ക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമെ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ. മനുഷ്യജീവന് അപകടകാരിയായ വന്യമൃഗങ്ങളെന്ന് കേന്ദ്ര നിയമത്തിൽ പറയുന്നുണ്ടെങ്കിലും അവ എപ്പോഴാണ് അപകടകാരികളാകുകയെന്നത് വ്യക്തമായിരുന്നില്ല. ഭേദഗതി ബില്ലിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

കൂടാതെ, നാടൻ കുരങ്ങുകളെ പട്ടിക ഒന്നിൽ നിന്നും രണ്ടിലേക്ക് മാറ്റും. ജനന നിയന്ത്രണം നടത്താനും വ്യവസ്ഥയുണ്ട്. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗവർണറുടെ നടപടി സ്വാഗതാർഹമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

Related Articles

Back to top button