അല്പശി ഉത്സവം സമാപിച്ചു, ആറാട്ടിന് ശേഷം റൺവേ തുറന്നു, വിമാന സർവീസുകൾ പുന:രാരംഭിച്ചു

അൽപശി ഉത്സവത്തിന് ഭക്തിനിർഭരമായ ആറാട്ട് ചടങ്ങോടെ കൊടിയിറങ്ങി. പദ്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ട് റൺവേയിലൂടെ കടന്നുപോയതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിൻറെ പ്രവർത്തനങ്ങളും പുനരാരംഭിച്ചു. പതിറ്റാണ്ടുകളായി വിമാനത്താവളത്തിൻ്റെ റൺവേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാൻ വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ നിർത്തുകയും ഫ്‌ലൈറ്റ് ഷെഡ്യൂളുകൾ ക്രമീകരിക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. ഇതിൻറെ ഭാഗമായാണ് വർഷത്തിൽ രണ്ടുദിവസം വിമാനത്താവളം അടച്ചിടുന്നത്.



