വീട് പണിക്ക് വേണ്ട ടൈൽസ് വാങ്ങാനായി….മതിയായ രേഖകളില്ല…നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചേലക്കര മണ്ഡലത്തിൽ….
നാളെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കാനിരിക്കെ ചേലക്കര മണ്ഡലത്തിൽ കള്ളപ്പണവുമായി പോയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിൽ നിന്നാണ് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 19.7 ലക്ഷം രൂപ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊളപ്പുള്ളി സ്വദേശിയായ ജയൻ പൊലീസ് കസ്റ്റഡിയിലാണ്.
കലാമണ്ഡലം പരിസരത്ത് നിന്നാണ് പണം പിടിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെയാണ് പണം പിടികൂടിയതെന്നാണ് വിവരം. കിയ കാറിൽ പുറകിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് പണം കണ്ടെത്തിയത്. വീട് പണിക്ക് വേണ്ട ടൈൽസ് വാങ്ങാനായി എറണാകുളത്തേക്ക് പോവുകയാണെന്നും ടൈൽസ് വാങ്ങാൻ വേണ്ടിയാണ് പണമെന്നുമാണ് ജയൻ നൽകിയിരിക്കുന്ന മൊഴി. എന്നാൽ ആവശ്യമായ രേഖകളില്ലാത്തതിനാൽ പണം ഇൻകം ടാക്സ് കണ്ടുകെട്ടി.