ഷൈനിന് തത്കാലം ആശ്വാസം.. ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ കേസെടുക്കില്ല.. എന്നാൽ അമ്മയുടെ നിലപാട്…

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പൊലീസ് തത്കാലം കേസെടുക്കില്ല. പരാതിയോ തെളിവോ ലഭിച്ചാൽ കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം ഓടിരക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് നടനിൽ നിന്ന് വിശദീകരണം തേടും.കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്കെതിരെ തെളിവുകൾ ലഭിക്കാത്തതിൻ്റെ പശ്ചാത്തലത്തിലാണ് തൽക്കാലം കേസെടുക്കേണ്ടതില്ലെന്ന പൊലീസ് തീരുമാനം. ഡാൻസാഫ് സംഘം മുറി പരിശോധിച്ചെങ്കിലും ലഹരി വസ്തുക്കളുടെ ഉപയോഗമോ ലഹരി വസ്തുക്കളോ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് എടുക്കാനുള്ള വകുപ്പുകൾ ഇല്ല. എന്നാൽ സംഘത്തെ കണ്ടപ്പോൾ ഷൈൻ ടോം ചാക്കോ എന്തിന് ഓടി രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച് പൊലീസ് വിശദീകരണം തേടും.

ഇതിനായി നടനെ നോട്ടീസ് നൽകി ഉടൻ വിളിപ്പിക്കും. എറണാകുളം നോര്‍ത്തിലുള്ള ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്നാണ് ഷൈന്‍ ഇറങ്ങിയോടിയത്. താമസിച്ചിരുന്ന മുറിയുടെ ജനാല വഴി രണ്ടാം നിലയിലേക്ക് ചാടിയ നടന്‍ പിന്നീട് സ്റ്റെയര്‍കേസ് വഴി പുറത്തേക്കോടുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അതേസമയം ഷൈൻ ടോം ചാക്കോക്കെതിരെയുയർന്ന ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. ഷൈനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോർട്ട് ലഭിച്ച ശേഷം ഷൈനിനെതിരെ തുടർനടപടികൾ സ്വീകരിക്കും. ഷൈനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമടക്കം ഇതിനോടകം സംഘടനയ്ക്കുളളിൽ നിന്ന് ഉയർന്നിട്ടുണ്ട്.

Related Articles

Back to top button