പോപ്പുലർ ഫ്രണ്ട് ഇടപെടൽ ആരോപണം; പരാമർശം തെറ്റായി വ്യാഖ്യാനിച്ചു, വ്യക്തിഹത്യ അംഗീകരിക്കില്ല, സിറോ മലബാർ സഭ

സിറോ മലബാര്‍ സഭയിലെ ആരാധനാക്രമ തര്‍ക്കത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിന് ബാഹ്യശക്തികളുടെ ഇടപെടലുണ്ടായെന്ന തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിറോ മലബാര്‍ സഭ. ആന്‍ഡ്രൂസ് താഴത്തിന്റെ പരാമര്‍ശത്തില്‍ ഒരിടത്തും ഇതരമതങ്ങളെയോ, മത നേതാക്കന്മാരെയോ ,മതവിശ്വാസങ്ങളെയോ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. മതസൗഹാര്‍ദത്തിന് വിഘാതമായി ആന്‍ഡ്രൂസ് താഴത്ത് ഒന്നും പറഞ്ഞിട്ടില്ലെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി.

ആന്‍ഡ്രൂസ് താഴത്തിന്റെ അഭിമുഖം വിവാദമാക്കിയത് തെറ്റായി വ്യാഖ്യാനിച്ചവരും സ്വാര്‍ത്ഥ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി പ്രതികരിച്ചവരുമാണെന്നും സഭ അഭിപ്രായപ്പെട്ടു. പരാമര്‍ശത്തിന്റെ പേരില്‍ ആന്‍ഡ്രൂസ് താഴത്തിനെ വ്യക്തിഹത്യ നടത്തുന്നതും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. ഇത്തരം പ്രവണതകളെ ശക്തമായി അപലപിക്കുന്നുവെന്നും സഭ വ്യക്തമാക്കി.

 ആന്‍ഡ്രൂസ് താഴത്ത് പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് നടത്തുന്ന ദുഷ്‌പ്രചാരണങ്ങളെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണം. സഭാ സമൂഹം ഒറ്റക്കെട്ടായി പിതാവിനൊപ്പം നിലകൊള്ളുന്നുവെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി. സീറോ മലബാര്‍ സഭയിലെ ആരാധനാക്രമ തര്‍ക്കത്തില്‍ ഭിന്നിപ്പുകളുണ്ടാക്കുന്നതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്നായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ആരോപണം. ക്രൈസ്തവര്‍ക്കിടയിലും തീവ്രവാദസംഘടനകള്‍ ഉണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞിരുന്നു.

Related Articles

Back to top button