പന്നിക്കെണിയെ പറ്റി പരാതി നൽകിയെന്ന ആരോപണം വ്യാജം…കെഎസ്ഇബി…
നിലമ്പൂരിലെ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. അപകടം നടന്ന സ്ഥലത്ത് പന്നിക്കെണി വെച്ചുവെന്ന പരാതി നേരത്തെ അറിയിച്ചിരുന്നുവെന്ന വാദം കെഎസ്ഇബി തള്ളി.ഏഴ് മാസം മുമ്പ് വൈദ്യുതി മോഷണം അറിയിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും വഴിക്കടവ് സെക്ഷൻ ഓഫീസിൽ അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നും കെഎസ്ഇബി അറിയിച്ചു. തോട്ടിയിൽ വയർ ഘടിപ്പിച്ച് ലൈനിൽ കൊളുത്തിയാണ് വഴിക്കടവിൽ വൈദ്യുതി മോഷ്ടിച്ചത്. വനാതിർത്തിക്ക് സമീപമുള്ള ഒറ്റപ്പെട്ട സ്ഥലമായതിനാൽ ഉദ്യോഗസ്ഥർക്ക് ഇത് കണ്ടെത്തുന്നത് ദുഷ്കരമാണെന്നും കെഎസ്ഇബി വിശദീകരിച്ചു.
നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാർത്ഥി അനന്തുവിന് ഇന്നലെ നാട് യാത്രാമൊഴി നൽകിയിരുന്നു. കുട്ടിക്കുന്ന് ശ്മശാനത്തിലാണ് അനന്തുവിനെ ഇന്നലെ സംസ്കരിച്ചത്. ആയിരങ്ങളാണ് അനന്തുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്. ഉറ്റവരും അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കമെല്ലാവരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനന്തുവിന്റെ മൃതദേഹത്തിനരികിലെത്തിയത്. സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. തുടർന്നായിരുന്നു സംസ്കാരം.